ചൂടു ചായയ്ക്കൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ ആശങ്കകൾ പങ്കുവെച്ച് അവർ ഒത്തുകൂടി: ശ്രദ്ധേയമായി വെള്ളിമാടുകുന്നിലെ ക്ലൈമറ്റ് കഫെ
കോഴിക്കോട്: ചില്ലു ജനാലയിൽ അലസം പെയ്ത് കുഞ്ഞിക്കുളിരായി ചാലിട്ടൊഴുകി... വെള്ളിമുടുകുന്നിലെ ദേവേട്ടന്റെ ചായക്കടയിലിരുന്ന് എം എം സചീന്ദ്രൻ മഴയുടെ വ്യത്യസ്ത ഭാവങ്ങളെക്കുറിച്ചുള്ള പെരുമഴക്കാലം എന്ന കവിത ചൊല്ലുകയാണ്. തുടർന്ന് ചൂടുള്ള ചായയ്ക്കും കടിയ്ക്കുമൊപ്പം ചൂടേറിയ ചർച്ചകൾ.. അസ്വസ്ഥതകൾ പങ്കുവെക്കൽ.. പാഠഭേദത്തിന്റെയും റെഡ് യംഗ്സ് വെള്ളിമാടുകുന്നിന്റെയും നേതൃത്വത്തിൽ വെള്ളിമാടുകുന്ന് നടന്ന ക്ലൈമറ്റ് കഫെ എന്ന പരിപാടി വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധേയമായി. കാലാവസ്ഥാ വ്യതിയാനങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലത്തിൽ സാധാരണക്കാർ കൂടിയിരുന്ന് കാലാവസ്ഥയെക്കുറിച്ച് സംസാരിക്കുന്ന ചെറു കൂട്ടായ്മയായിരുന്നു അത്. യൂറോപ്പിൽ ആരംഭിച്ച ഈ ആശയം...