തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വിസിയുടെ നിയമനത്തിന് ചട്ടം ലംഘിച്ച് കത്ത് നൽകിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ ആറു വർഷത്തിനിടെ കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ നടന്ന അനധികൃത നിയമനങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ അനധികൃത രാഷ്ട്രീയ-ബന്ധു പിൻവാതിൽ നിയമനങ്ങളും റദ്ദാക്കണം. ചാൻസിലർ പദവി മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തോളൂ എന്ന് ഗവർണർ പറഞ്ഞാൽ അതിൽ പരം നാണക്കേട് ഈ സർക്കാരിന് വേറെ എന്താണ്. ഒരു സർക്കാരിന് മേൽ ഇതുപോലൊരു അവിശ്വാസം ഗവർണർ രേഖപ്പെടുത്തിയത് കേരള ചരിത്രത്തിലുണ്ടായിട്ടില്ല. ഗവർണർ ഉന്നയിച്ച ആരോപണങ്ങൾക്ക് വസ്തുതാപരമായി മറുപടി പറയാൻ മുഖ്യമന്ത്രിക്ക് സാധിക്കാത്തതു കൊണ്ടാണ് അദ്ദേഹം പ്രതികരിക്കാത്തത്. ആരോപണങ്ങളുടെ കുന്തമുന മുഖ്യമന്ത്രിയുടെ നേരെയാണ്. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്തിന്റെ ഭരണഘടനാ തലവൻ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. സർവ്വകലാശാലാ രംഗത്തെ രാഷ്ട്രീയ-ബന്ധുനിയമനങ്ങൾ അക്കമിട്ടാണ് ഗവർണർ നിരത്തിയത്. അദ്ദേഹത്തിന്റെ പരിഹാസത്തിന് ആയിരം വെടിയുണ്ടയുടെ ശക്തിയുണ്ട്. ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തെങ്കിൽ ഇതിനകം രാജിവെച്ചേനെ. മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നാണ് ഗവർണറുടെ കത്തിലെ ഓരോ വരികളും പറയുന്നതെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
സിപിഎമ്മിന്റെ സെൽഭരണമാണ് കേരളത്തിൽ നടക്കുന്നത്. രാഷ്ട്രീയക്കാർക്ക് കയറി ഇരിക്കാനുള്ള താവളം മാത്രമാണ് സർവ്വകലാശാലകൾ. എകെജി പഠന ഗവേഷണകേന്ദ്രത്തിന്റെ നിലവാരത്തിലാണ് കേരളത്തിലെ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നത്. കേരളത്തിന് പുറത്ത് പോയി പഠിക്കുന്ന വിദ്യാർത്ഥികൾ നല്ല നിലവാരം കാണിക്കുമ്പോൾ കേരളത്തിലെ സ്ഥിതി ദയനീയമാക്കുന്നത് ഇത്തരം രാഷ്ട്രീയ അതിപ്രസരങ്ങളാണ്.
നമ്മുടെ നാടിന്റെ ഭരണഘടനാ സംവിധാനങ്ങളെ എങ്ങനെയാണ് സിപിഎം ദുരുപയോഗം ചെയ്യുന്നതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. സർവ്വകലാശാലാ നിയമങ്ങൾ കാറ്റിൽ പറത്തുകയും യുജിസി മാനദണ്ഡങ്ങൾ പരസ്യമായി ലംഘിക്കുകയുമാണ് സർക്കാർ. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാര തകർച്ചയാണ് ഗവർണർ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് കാരണം മുഖ്യമന്ത്രിയുടേയും സർക്കാരിന്റെയും ഇടപെടലുകളാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ കണ്ണൂർ യുസിയിലെ നിയമനം, നിയമസഭയുടെ തലവനായ സ്പീക്കറുടെ ഭാര്യക്ക് വേണ്ടിയുള്ള കാലടി യുസിയിലെ നിയമനം, മുൻ എംപി പികെ ബിജുവിന്റെ ഭാര്യയുടേയും തലശ്ശേരി എംഎൽഎയുടെ ഭാര്യയുടേയും നിയമനങ്ങളും പരിശോധിക്കണം. യോഗ്യത എന്നത് കേരളത്തിൽ ഒരു പരിഗണനാ വിഷയമല്ലാതായിരിക്കുന്നു. പാർട്ടിയുടെ കത്ത് മാത്രമാണ് ജോലിക്ക് മാനദണ്ഡം. കേരളത്തിൽ ഒരു സർവ്വകലാശാലയിലും കിട്ടാത്ത പുനർ നിയമനമാണ് കണ്ണൂർ വിസിക്ക് നൽകിയത്. ഇത് സർക്കാരിനും പാർട്ടിക്കും ചെയ്തു കൊടുത്ത സേവനത്തിനുള്ള പ്രത്യുപകാരമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ, വൈസ്പ്രസിഡന്റ് പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവർ പങ്കെടുത്തു.