…….🖋️കെ കെ ജയേഷ്
🎬..,.ജയിലിലെ ഇരുട്ടു മുറിയിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്കുള്ള ഒരമ്മയുടെയും മകന്റെയും ജീവിത യാത്ര. ആ യാത്രയിൽ അവർക്ക് വ്യത്യസ്ത പേരുകളായിരുന്നു. വ്യത്യസ്ത ഭാവങ്ങളായിരുന്നു. രാക്ഷസനോ അടിമയോ ആയി തന്റെ മകൻ വളരുതെന്ന് ചിന്തിച്ച ഒരമ്മ, തങ്ങൾക്കിടയിൽ മൂന്നാമതൊരാൾ വരരുതെന്ന് തീർച്ചയാക്കിയ ആ അമ്മയുടെ കൈപിടിച്ച്, അമ്മ പറയുന്ന കഥകൾ കേട്ട് വിവിധ ദേശങ്ങളിലൂടെ യാത്ര പോകുന്ന മകൻ. ഈ അമ്മയുടെയും മകന്റെയും ഹൃദയഹാരിയായ കഥയാണ് ജിത്തു മാധവന്റെ രചനയിൽ ചിദംബരം ഒരുക്കിയ ‘ബാലൻ: ദ ബോയ്’. ‘മഞ്ഞുമ്മൽ ബോയ്സ്’, ആവേശം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തെ പാൻ ഇന്ത്യൻ തലത്തിലെത്തിച്ച ഇരുവരും ചേരുമ്പോൾ അവതരണ മികവിൽ മലയാളത്തിന്റെ മറ്റൊരു അഭിമാന ചിത്രമായി ബാലൻ മാറുന്നു.

അമ്മയുടെ ഭൂതകാലത്തിലേക്ക് വിശദമായി സിനിമ കടക്കുന്നില്ല. എന്നാൽ അമ്മ പറയുന്ന കഥകളിലൂടെ ഭൂതകാലത്തിന്റെ ദുരന്തം വല്ലാത്തൊരു നീറ്റലായി പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. ചായക്കടക്കാരനും പ്രായമായ അമ്മമ്മയുമെല്ലാം അവർക്കിടയിലേക്ക് എത്തുന്നുണ്ട്. ഓരോയിടത്തും തങ്ങളുടെ പുതിയ കഥയേതെന്ന് കുട്ടി അമ്മയോട് തിരക്കുന്നുണ്ട്. സ്വകാര്യമായി അവനോട് പറയുന്ന കഥകൾ കേൾക്കാൻ മറ്റൊരാൾ തങ്ങൾക്കിടയിലേക്കെത്തരുതെന്ന് അമ്മയ്ക്ക് നിർബന്ധമുണ്ട്. അതുകൊണ്ട് തന്നെ ബന്ധങ്ങൾ രൂപപ്പെടുന്ന ഓരോയിടത്തു നിന്നും അവർ മകന്റെ കൈപിടിച്ച് മറ്റൊരിടം തേടി യാത്രയാകുന്നു. അവളങ്ങനെ ഇന്ദുവും ഷേർളിയുമെല്ലാമായി മാറുന്നു. അഭിജിത് കുമാറെന്ന പേരിൽ കുട്ടി അഭിമാനിക്കുന്നു. ഉദ്വേഗം നിറച്ചും അതേ സമയം ലോക നിലവാരത്തിലുള്ള അവതരണ മികവ് സമ്മാനിച്ചുമാണ് ആദ്യ പകുതിയിൽ ബാലന്റെ യാത്ര. വയനാടിന്റെ വന്യമായ സൗന്ദര്യം നിറയുന്ന പഴയൊരു വീട്ടിൽ സംഭവിക്കുന്ന ഞെട്ടിക്കുന്ന ചില കാഴ്ചകളിലൂടെ ആദ്യപകുതി പിന്നിടുന്നു.

കഥയുടെ ഗ്രാഫ് ഉയരുമെന്ന് പ്രതീക്ഷിച്ച രണ്ടാം പകുതി ആദ്യപകുതിയോളം ഉയരുന്നില്ലെങ്കിലും സൃഷ്ടിക്കപ്പെടുന്ന കഥാപരിസരം അപ്പോഴും രസകരമാണ്. മംഗലാപുരത്തെ തീരദേശവും അവിടെയുള്ള പുതിയ കഥാപാത്രങ്ങളുമെല്ലാം ഏറെ മനോഹരമായി തന്നെയാണ് സിനിമയെ തോളിലേറ്റുന്നത്. എന്നാൽ ആദ്യപകുതി നൽകിയ ഗംഭീര കാഴ്ചാനുഭവത്തിന്റെ തുടർച്ചയായി അത് മാറുന്നില്ല.
കാത്തിരിക്കണം. . ഞാൻ വരും എന്നാണ് അമ്മ മകനോട് പറയുന്നത്. പക്ഷേ കാത്തിരിക്കാനുള്ള സാഹചര്യം അവനുണ്ടായിരുന്നില്ല. അമ്മയിൽ നിന്നകന്ന് മകൻ പോകുന്നു. അമ്മ പറഞ്ഞുകൊടുക്കാത്ത ഒരു കഥയിലെ കഥാപാത്രമായി അവൻ മാറുന്നു. പക്ഷേ അപ്പോഴും അമ്മ തന്നെ തേടിവരുമെന്ന വിശ്വാസം അവനിലുണ്ട്. ആ വിശ്വാസത്തിന്റെ തണൽ തന്നെയാണ് രണ്ടാം പകുതിയിലും പ്രേക്ഷകർക്ക് ആശ്വാസമായി നിറയുന്നത്. അഗാധ ഗർത്തത്തിൽ നിന്ന് സുഭാഷിനെയും കൊണ്ട് കുട്ടേട്ടൻ കയറി വരുന്നത് പോലെ, അമ്മയുടെ സ്നേഹ സ്പർശം ബാലന്റെ ചുമലിൽ നിറയുമ്പോൾ അതൊരു കുളിർ തന്നെലായി പ്രേക്ഷകരിൽ നിറയുന്നു. വഴി മാറിപ്പോയ കഥാപരിസരം ഹൃദ്യമായൊരു അനുഭൂതിയായി മാറുന്നത് കഥാന്ത്യത്തിൽ തന്നെയാണ്.
ബാലന്റെ അമ്മ ഒരു കുറ്റവാളിയാണ്. കുറ്റകൃത്യങ്ങളിലേക്ക് അവരെ നയിക്കുന്നത് സാഹചര്യമാണ്. മകനൊപ്പമുള്ള ജീവിതത്തിന് വേണ്ടിയുള്ള വാശിയാണ് ഏതറ്റവും വരെ പോകാനും അവരെ പ്രേരിപ്പിക്കുന്നത്. സ്നേഹത്തിലും കരുണയിലുമെല്ലാം അവർക്ക് വിശ്വാസം നഷ്ടമായിരിക്കുന്നു. അതുകൊണ്ട് തന്നെ തനിക്ക് നേരെ നീട്ടപ്പെടുന്ന അഭയവും സ്നേഹവുമെല്ലാം അവർ തിരസ്ക്കരിക്കുന്നുണ്ട്. ഒറ്റപ്പെടലിന്റെ തുരുത്തിൽ കഴിയുന്ന അമ്മച്ചിയുടെ അടുത്തെത്തുന്നതുവരെ തന്റെ ഓട്ടം അവർ തുടരുന്നുണ്ട്. തന്റെ യാത്രയുടെ വഴി അവിടെ അവസാനിപ്പിക്കാനാണ് അവർ തീരുമാനിക്കുന്നത്. ഭയവും നിസഹായതയും അവളിൽ നിറയുമ്പോൾ, നിലനിൽപ്പിനായി അവർ ചെയ്യുന്ന ചില കാര്യങ്ങൾ അംഗീകരിക്കാൻ എളുപ്പമല്ല. പക്ഷേ അപ്പോഴും ആ അമ്മ മകനടുത്തെത്തണേ എന്ന് മാത്രമാണ് പ്രേക്ഷകർ ആഗ്രഹിക്കുക. യുക്തി ഭദ്രമല്ലാത്ത കാഴ്ചകൾ നിറയുന്നു എന്നതാണ് സിനിമയുടെ ഒരു പോരായ്മ. ആദ്യ പകുതിയിൽ നിർമിച്ചെടുത്ത സമസ്യകൾക്ക് ഉത്തരം നൽകാനുള്ള യാത്രയിൽ ലോജിക്ക് പലപ്പോഴും കൈമോശം വരുന്നുണ്ട്. അവസാന കാഴ്ചകളിലേക്കെത്താനുള്ള ചുറ്റുപാടുകൾ സൃഷ്ടിച്ചെടുക്കുമ്പോൾ അത് പലപ്പോഴും യാഥാർത്ഥ്യങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നു. ഇതേ സമയം യാഥാർത്ഥ്യബോധങ്ങൾക്കപ്പുറത്ത് ഹൃദയത്തെ കീഴടക്കുന്ന കാഴ്ചകൾ നിറയുമ്പോൾ സംശയങ്ങളെ വഴിയിൽ ഉപേക്ഷിക്കാൻ പ്രേക്ഷകരും നിർബന്ധിതരാകും. ലോജിക് പ്രശ്നങ്ങളുള്ളപ്പോഴും ജിത്തു മാധവന്റെ എഴുത്തിലെ വൈകാരികമായ ആഴവും രസകരമായ കഥാപാത്ര നിർമിതിയും മികച്ച പശ്ചാത്തല രൂപീകരണവുമെല്ലാം അതിഗംഭീരം തന്നെയാണ്. മനോഹരമായ അവതരണ മികവിലാണ് ചിദംബരം തിരക്കഥയിലെ യുക്തിയെക്കുറിച്ചുള്ള സംശയങ്ങൾ മറികടക്കുന്നത്. ഷൈജു ഖാലിദിന്റെ ക്യാമറാക്കാഴ്ചകളും വിവേക് ഹർഷന്റെ എഡിറ്റിംഗും അജയൻ ചാലിശ്ശേരിയുടെ കലാസംവിധാനവും സംവിധായകന് കരുത്താകുന്നുണ്ട്. ഇടയ്ക്ക് കഥയുടെ ഗ്രാഫ് താഴുമ്പോൾ അതിനെ ഉയർത്തുന്നത് സുഷിൻ ശ്യാമിന്റെ സംഗീതമാണ്. അമ്മയുടെയും ബാലന്റെയും ലോകത്തെ ഹൃദയഹാരിയാക്കുന്നതിൽ പശ്ചാത്തല സംഗീതവും പ്രധാന ഘടകമാകുന്നുണ്ട്. അൻവർ അലിയുടെ വരികളും പ്രമേയത്തിന്റെ ആഴം അറിഞ്ഞ് എഴുതപ്പെട്ടത് തന്നെ. ഫർസാന പാലത്തിങ്കലിന്റെ അമ്മയും മകന്റെ വ്യത്യസ്ത കാലങ്ങൾ അവതരിപ്പിക്കുന്ന ആദിശേഷനും മുഹമ്മദ് സിനാനും ചിത്രത്തിന്റെ നട്ടെല്ലാണ്. അമ്മയുടെ കഥ കേൾക്കാൻ കാത്തിരിക്കുന്ന, ആ കഥകളിലൂടെ ജീവിക്കുന്ന, പല പേരുകളുള്ള കുട്ടിയെ അവതരിപ്പിക്കുന്ന ആദിശേഷന്റെ കണ്ണുകൾ തന്നെയാണ് കുഞ്ഞു മനസിന്റെ കൗതുകകങ്ങളും ബാല്യം നഷ്ടമാവുന്ന കുട്ടികളുടെ വേദനകളുമെല്ലാം പ്രേക്ഷകരോട് പങ്കുവെക്കുന്നത്. മുഹമ്മദ് സിനാന്റെ വേഷവും കയ്യടി നേടുന്നുണ്ട്. ഏറെ രസകരമാണ് ടൊവിനോ തോമസിന്റെ പ്രകടനം. ജീൻ പോൾ ലാലിന്റെ പവിത്രൻ എന്ന പൊലീസ് കഥാപാത്രവും ഗംഭീരമായി എഴുതപ്പെട്ടതാണ്. ബീന ആന്റണിയുടെ ഷംനാത്ത, ഡോളി ജൂണിന്റെ അമ്മൂമ്മ, ഗിരീഷ് എഡിയുടെ പൊലീസുകാരൻ എന്നിവരും മികച്ച പ്രകടനം കാഴ്ച വെക്കുന്നു. ഇതിനെല്ലാം കാസ്റ്റിങ് ഡയരക്ടർ ഗണപതിയും അഭിനന്ദനം അർഹിക്കുന്നു. ഹൃദയഹാരിയാണ് ബാലൻ. വൈകാരിക ആഴമാണ് സിനിമയുടെ കരുത്ത്. യുക്തിചിന്തകൾ കുറച്ചൊക്കെ മറന്ന് തിയേറ്ററിലിരുന്നാൽ സാങ്കേതിക മികവുള്ള, ജീവിതത്തിന്റെ ആഴമുള്ള മികച്ചൊരു സിനിമ കണ്ടിറങ്ങാം.










