കോഴിക്കോട്: എം. ആര്‍ദ്രയുടെ സംഗീത ആല്‍ബം അഗ്നിപുത്രി പുറത്തിറങ്ങി. സില്‍വര്‍ ഹില്‍സ്് പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ആര്‍ദ്ര. ക്രൗണ്‍ തിയ്യെറ്ററില്‍ നടന്ന ചടങ്ങില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ പി.വി. വിക്രമിന്റെ പിതാവ് ലഫ്റ്റനന്റ് കേണല്‍ പി.കെ.വി.പി. പണിക്കരും അമ്മ കല്യാണി പണിക്കരും ചേര്‍ന്നാണ് ആല്‍ബം പുറത്തിറക്കിയത്.
സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ മണ്ണാറത്തറ അധ്യക്ഷത വഹിച്ചു. വിനീത മാസ്റ്റര്‍, ഹര്‍ഷന്‍ സെബാസ്റ്റിയന്‍ ആന്റണി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അഗ്നിപുത്രിയുടെ പ്രദര്‍ശവനും നടന്നു.
ഇന്ത്യാ – ചൈനാ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ സ്മരണ ഇതിവൃത്തമായുള്ളതാണ് വീഡിയോ. ഇന്ത്യ – ചൈന യുദ്ധത്തിന്റെ 60-ാം വാര്‍ഷികത്തിലാണ് പുറത്തിറക്കിയത്.
രാജ്യ സ്‌നേഹവും, ജന്മനാടിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാന്‍ ഓരോ പൗരനിലും അര്‍പ്പിതമാകേണ്ട ബോധത്തെ ഊട്ടിയുറപ്പിക്കുകയാണ് ‘അഗ്‌നിപുത്രി’. ഒപ്പം സ്ത്രീ ശാക്തികരണത്തിന് വെളിച്ചം പകരുകയും ചെയ്യുന്നു. ഇന്ത്യ – ചൈനയുദ്ധവും യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ കരസേനയുടെ എക്കാലത്തെയും ഐതിഹാസിക പോരാളിയായ മേജറുടെ ഓര്‍മകളും അദ്ദേഹത്തിന്റെ കൊച്ചുമകളുടെ സൈനിക പ്രവേശനവുമൊക്കെയായി ഉള്‍പ്പുളകത്തോടെ നൃത്തം സമന്വയിപ്പിച്ചുകൊണ്ട് കഥ പറയുകയാണ് ആര്‍ദ്ര അഗ്‌നിപുത്രിയില്‍.