കോഴിക്കോട്: അനധികൃത കെട്ടിടനമ്പര്‍ നല്കുന്ന സമാന്തര സംവിധാനത്തിന് പിന്നില്‍ എല്‍ഡിഎഫിലേയും യൂഡിഎഫിലേയും ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവന് ആരോപിച്ചു.
അതുകൊണ്ട് വിജിലന്‍സ് റവന്യൂ രേഖകള്‍ പരിശോധിക്കുന്നതോടൊപ്പം തന്നെ ക്രിമിനല്‍ ഗൂഡാലോചന,വ്യാജ രേഖ ചമക്കൽ എന്നിവയെ സംബന്ധിച്ച് ഉന്നത തല അന്വേഷണം പ്രഖ്യാപിക്കണം. കരിക്കാം കുളത്തെ ബില്‍ഡിങ്ങിന് നമ്പര്‍ ലഭിക്കാന്‍ നാലുലക്ഷം രൂപ കൊടുത്ത് ഇടനിലക്കാരെയാണ് സമീപിച്ചത് എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്.കോര്‍പറേ ഷന് നിരസിച്ച് ഹൈക്കോടതിയില്‍ എത്തുന്ന എല്ലാ കേസുകളിലും തോറ്റുകൊടുത്ത് അനധികൃത കെട്ടിട ഉടമകളെ സഹായിക്കുന്ന നിലപാടാണ് കോര്പറേഷന് സ്വീകരിക്കുന്നത്.രാമനാട്ടുകര മുനിസിപ്പാലിറ്റിയിലും സമാനമായ അഴിമതി പുറത്തു വന്നതിന് ശേഷം ഇടതും വലതും ഒത്തു തീര്‍പ്പിലേക്ക് നീങ്ങുകയാണെന്നും സജീവന് കൂട്ടിച്ചേര്‍ത്തു.
കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ച ബി.ജെ.പി.ജനപ്രതിനിധികളെ ആക്രമിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി.പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സി.എച്ച് ഓവർ ബ്രിഡ്ജ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് കോർപ്പറേഷൻ ഓഫീസിൻ്റെ പ്രധാന കവാടത്തിൽ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇ.പ്രശാന്ത് കുമാർ, എം.മോഹനൻ, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, കൗൺസിൽ പാർട്ടി ലീഡർ നവ്യാ ഹരിദാസ്, കൗൺസിലർമാരായ ടി.രനീഷ്, അനുരാധ തായാട്ട്, എൻ.ശിവപ്രസാദ്, സരിതാ പറയേരി, രമ്യാ സന്തോഷ്, സി.എസ്.സത്യഭാമ, എന്നിവർ സംസാരിച്ചു.ടി.വി.ഉണ്ണികൃഷ്ണൻ, അജയ് നെല്ലിക്കോട്,കെ.പി.വിജയലക്ഷ്മി , എം.രാജീവ് കുമാർ, ബി.കെ.പ്രേമൻ, കെ.രജിനേഷ് ബാബു, കെ.ഷൈബു, ടി.പി.ദിജിൽ, സി.പി.വിജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.