കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന്റെ 2025ലെ മലയാള ദിനപത്രങ്ങളിലെ മികച്ച മുഖപ്രസംഗത്തിനുള്ള തെരുവത്ത് രാമൻ അവാർഡിന് ദേശാഭിമാനി ന്യൂസ് എഡിറ്റർ (സ്പോർട്സ്) ആർ രഞ്ജിത് അർഹനായി. 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം കാലിക്കറ്റ് പ്രസ് ക്ലബുമായി ചേർന്ന് ഏർപ്പെടുത്തിയതാണ് അവാർഡ്. 2025 ഒക്ടോബർ ഒന്നിന് കളി മതി, യുദ്ധം വേണ്ട എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗമാണ് രഞ്ജിത്തിനെ അവാർഡിന് അർഹനാക്കിയത്. മുതിർന്ന മാധ്യമ പ്രവർത്തകരായ എൻ പി ചെക്കുട്ടി, എ സജീവൻ, അശോക് ശ്രീനിവാസ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. മലപ്പുറം തിരൂർ തൃക്കണ്ടിയൂർ സ്വദേശിയായ രഞ്ജിത്ത് നിലവിൽ കോഴിക്കോട്ട് സ്പോർട്സ് ഡസ്കിൽ ന്യൂസ് എഡിറ്ററാണ്.


