കോഴിക്കോട്: കോഴിക്കോട്: മലബാർ മിൽമ യൂണിയന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പിരിച്ചുവിട്ട ക്ഷീരവികസന വകുപ്പ് നടപടി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ചെയർമാൻ കെ എസ് മണിയുടെ നേതൃത്വത്തിലുള്ള മലബാർ മിൽമ ഭരണസമിതി നാളെ വീണ്ടും ഭരണമേറ്റെടുക്കും. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് പിരിച്ചുവിടൽ നടന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. ചട്ടങ്ങൾ പാലിക്കാതെയാണ് പിരിച്ചുവിടലെന്ന് വിലയിരുത്തിയ കോടതി 24 നകം ഭരണസമിതി പുനഃസ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഭരണസമിതി പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് കെ എസ് മണി അടക്കമുള്ളവരാണ് ഹർജി സമർപ്പിച്ചത്. സാമ്പത്തിക ക്രമക്കേടും ഭരണപരമായ വീഴ്ചകളും ആരോപിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബർ 18നാണ് ഭരണസമിതിയെ പിരിച്ചുവിട്ടത്. എന്നാൽ മുൻകൂർ നോട്ടീസ് നൽകാതെയും സഹകരണ നിയമത്തിലെ നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് നടപടിയെടുത്തതെന്ന് നിരീക്ഷിച്ചാണ് കോടതി പിരിച്ചുവിടൽ റദ്ദാക്കിയത്. രേഖകളിൽ കൃത്രിമം നടത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുള്ളതിനാലാണ് നടപടികൾ പാലിക്കാത്തതെന്നായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല.
അന്വേഷണം പൂർത്തിയാകുന്നതുവരെ ഭരണസമിതിക്ക് ദൈനംദിന ഭരണകാര്യങ്ങൾ മാത്രമേ നിർവഹിക്കാൻ സാധിക്കുകയുള്ളു. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനും തുടർന്ന് ഒരു മാസത്തിനകം നിയമപരമായ നടപടികൾ പാലിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കാനും രജിസ്ട്രാർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സർക്കാർ നടപടിക്കു പിന്നിൽ സ്വകാര്യ ഡെയറി പ്രൊജക്ടിനെ വളർത്താനുള്ള ഗുഢതന്ത്രമാണെന്ന് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ക്ഷീര സഹകരണ പ്രസ്ഥാനമാണ് മലബാർ മിൽമ. ദിനം പ്രതി മൂന്നരക്കോടി രൂപയാണ് പാൽവിലയായി മാത്രം ക്ഷീര കർഷകരുടെ കൈകളിലേക്കെത്തിക്കുന്നത്. നട്ടാൽ മുളക്കാത്ത നുണക്കഥകൾ ഉണ്ടാക്കിയാണ് മലബാർ മിൽമ ഭരണസമിതി പിരിച്ചു വിട്ടതെന്നായിരുന്നു ഭരണസമിതി അംഗങ്ങളുടെ പ്രതികരണം.
പെരിങ്ങളത്തെ മിൽമ ഹെഡ് ഓഫീസിന് സമീപത്തെ ഡെയറിക്കു മുമ്പിൽ രാവിലെ പത്ത് മണിയോടെ ഭരണസമിതി അംഗങ്ങൾ, ക്ഷീര സംഘം പ്രസിഡന്റുമാർ എന്നിവർ ഒത്തുചേരും. തുടർന്ന് പ്രകടനമായി ഹെഡ് ഓഫീസിലെത്തി ചെയർമാനും അംഗങ്ങളും ഭരണച്ചുമതല ഏറ്റെടുക്കും.


