Wednesday, September 2, 2026
LatestPolitics

മതപരമായ കാര്യങ്ങൾ പറയേണ്ടത് മത നേതാക്കൾ; രാഷ്ട്രീയക്കാർ രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞാൽ മതി;കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളാതെ ഐ എൻ എൽ

Nano News

കോഴിക്കോട്: കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ഇടതു മുന്നണിയിൽ നിന്ന് പ്രതിഷേധം ഉയരുമ്പോൾ കാന്തപുരത്തെ പിന്തുണച്ച് എൽഡിഎഫ് ഘടകകക്ഷിയായ ഐഎൻഎൽ. ഇസ്ലാമിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കാന്തപുരം നടത്തിയ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്നും നബിദിനം പോലുള്ള ഇസ്ലാമിക ആഘോഷങ്ങളിൽ അതിരു വിടരുതെന്നാണ് സമസ്ത പറഞ്ഞതെന്നും ഐ എൻ എൽ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മത നേതാക്കളാണ് മതപരമായ കാര്യങ്ങൾ പറയേണ്ടത്. രാഷ്ട്രീയക്കാർ രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞാൽ മതി. മതനേതാക്കൾ മതവിശ്വാസികളോട് ഉത്ബോധനം നടത്തുന്നത് സ്വാഭാവികമാണ്. ഓണത്തെക്കുറിച്ചല്ല നബിദനത്തെക്കുറിച്ചാണ് കാന്തപുരം പറഞ്ഞത്. നബിദിനം പോലുള്ള ഇസ്ലാമി ആഘോഷങ്ങൾ അതിരു കടക്കരുതെന്നും മഹല്ല് നേതൃത്വങ്ങൾ ഇക്കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും പറയാൻ സമസ്തയ്ക്ക് അവകാശമുണ്ട്. ഈ പ്രസ്താവനയോടുകൂടി ഇവിടെ മുഴുവനും ഇടിഞ്ഞു പൊടിഞ്ഞു വീണു, സ്ത്രീകളെ മുഴുവൻ പെട്ടിയിലാക്കി എന്നെല്ലാം പറയുന്നത് അതിവൈകാരികമായി വിഷയങ്ങളെ സമീപിക്കുന്ന രീതിയാണ്. ഇക്കാര്യങ്ങളിൽ മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകേണ്ടതില്ല. ഒരു വിഷയം ഉണ്ടാകുമ്പോൾ അതിൽ അക്കാദമികമായോ സാമൂഹികമായോ ചർച്ചകൾ നടക്കുന്നത് സ്വാഭാവികമാണ്. വിഷയം വിശകലനം ചെയ്യുന്നതിന് പകരം അതിനെ വിവാദമാക്കുന്നത് ശരിയല്ല. എല്ലാ മത പണ്ഡിതൻമാരും മത സംഘടനകളും അവരുടെ അനുയായികളോട് ഇത്തരം ഉദ്ബാധനങ്ങൾ നടത്താറുണ്ട്. ചർച്ചിൽ ജീൻസും ടോപ്പും ധരിച്ച് വരുന്നത് പ്രയാസമുണ്ടാക്കുന്നുവെന്നും ആണും പെണ്ണും അല്ലാത്ത വസ്ത്രധാരണം പിശാചിന്റെ ലക്ഷണമാണെന്നും ഒരു ക്രൈസ്തവ പുരോഹിതൻ സ്ത്രീകളോട് പറയുന്ന വീഡിയോ കണ്ടിരുന്നു. അത് തന്റെ വിശ്വാസി സമൂഹത്തോട് പറയേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്. ഇസ്ലാമിക ആഘോഷങ്ങൾ മാന്യമായ രീതിയിൽ നടത്തണം. അഴിഞ്ഞാട്ടം ഉണ്ടാവാൻ പാടില്ലെന്നും ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ പറഞ്ഞു.


Reporter
the authorReporter

Leave a Reply

error: Content is protected !!