കോഴിക്കോട്: നിയന്ത്രണം വിട്ട കാർ മതിലിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. കോഴിക്കോട് ചേവായൂർ മഠത്തിൽമുക്കിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചേവായൂർ സ്വദേശിയായ സുധാകരൻ (65) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിക്കുകയും ഡ്രൈവർ ഉള്ളിൽ കുടുങ്ങിപ്പോവുകയുമായിരുന്നു.
ഇന്ന് പുലർച്ചെ നാലോടെയാണ് അപകടം നടന്നത്. സുധാകരൻ്റെ വീടിന് സമീപത്തെ മതിലിൽ തന്നെയാണ് കാർ ഇടിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ഓടിവന്ന കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നയുടൻ വലിയ ശബ്ദം കേട്ടാണ് നാട്ടുകാർ ഉണർന്നത്. ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കാർ മതിലിലിടിച്ച് കത്തുന്ന ദൃശ്യം കണ്ടത്.
എന്നാൽ തീ അതിവേഗം ആളിപ്പടർന്നതിനാൽ സുധാകരന് കാറിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. നാട്ടുകാർ ഓടിയെത്തിയെങ്കിലും വാഹനത്തിന് അടുത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. വാഹനത്തിൻ്റെ ഡോറുകൾ ലോക്ക് ആയതും സീറ്റ് ബെൽറ്റ് ഉൾപ്പെടെ കുടുങ്ങിയതാകാം രക്ഷാശ്രമങ്ങൾക്ക് തടസമായത് എന്നാണ് കരുതുന്നത്. പുലർച്ചെയായതിനാൽ തന്നെ വിവരമറിയാനും ഫലപ്രദമായ രക്ഷാപ്രവർത്തനം നടത്താനും വൈകി.
വിവരമറിഞ്ഞയുടൻ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ തീ പൂർണ്ണമായും കാറിനെ വിഴുങ്ങിയിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് തീ അണച്ചത്.മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള മറ്റ് നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റും.










