LatestPolitics

സിപിഐ ദേശീയപ്രക്ഷോഭം; സമരവളണ്ടിയർമാർക്ക് ഉജ്വല യാത്രയയപ്പ് ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് ഭരണകൂടത്തെ ഇന്ത്യൻ ജനത പരാജയപ്പെടുത്തും: പന്ന്യൻ രവീന്ദ്രൻ

Nano News

കോഴിക്കോട്: ഭരണഘടനയെ മാനിക്കാത്ത, ജനാധിപത്യ വിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുന്ന ഫാസിസ്റ്റ് ഭരണകൂടത്തെ ഇന്ത്യൻ ജനത പരാജയപ്പെടുത്തുമെന്ന് മുതിർന്ന കമ്മ്യുണിസ്റ്റ് പാർട്ടി നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ബദലാവ് സരൂരി ഹേ (മാറ്റം അനിവാര്യമാണ്) എന്ന മുദ്രാവാക്യമുയർത്തി സെപ്റ്റംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന സിപിഐ ദേശീയ പ്രക്ഷോഭത്തിൽ കോഴിക്കോട് നിന്ന് പങ്കെടുക്കുന്ന സമര വളണ്ടിയർമാർക്ക് നഗരത്തിൽ നൽകിയ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തിയ സമരത്തിന് മുമ്പിൽ കേന്ദ്ര സർക്കാറിന് അടിപതറി. നീറ്റ് പരീക്ഷ കച്ചവടം ചെയ്ത് കോടികൾ ഉണ്ടാക്കിയവരെ സംരക്ഷിക്കുകയായിരുന്നു കേന്ദ്ര സർക്കാർ. സമരം ചെയ്ത വിദ്യാർത്ഥികളെ ആദ്യം അവഹേളിക്കുകയും പിന്നെ ക്രൂരമായി വേട്ടയാടുകയും ചെയ്തു. എന്നാൽ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ ആരംഭിച്ച പ്രതിഷേധത്തിന് മുമ്പിൽ കേന്ദ്ര സർക്കാറിന് കീഴടങ്ങേണ്ടിവന്നു. മോഡിയുടെ അഹന്തയാണ് തകർന്നടിഞ്ഞത്. ജനാധിപത്യത്തെ അവഹേളിക്കുന്ന ബിജെപി രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനംവരെയാണ് അട്ടിമറിച്ചത്. വോട്ടർ പട്ടിക പരിഷ്കരണത്തിൽ ആറുകോടി ഇന്ത്യക്കാർ വോട്ടില്ലാത്ത പൗരൻമാരായി. ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ അവർക്ക് തങ്ങളുടെ കുടുംബവേരുകൾ തിരഞ്ഞു പോകേണ്ട സാഹചര്യമുണ്ടായി. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിന് ഇന്ത്യയെ ഹിന്ദുരാജ്യമാക്കണം. അതിനവർ ഭരണഘടനയെ തന്നെ തകർക്കാൻ ശ്രമിക്കുന്നു. ഇതേ ഭരണകൂടം തന്നെയാണ് രാജ്യത്തിന്റെ സമ്പത്ത് കുത്തക മുതലാളിമാർക്ക് അടിയറ വെക്കുന്നതും. തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ ഒരു വാഗ്ദാനവും അവർ നിറവേറ്റിയില്ല. ജനങ്ങളുടെ അക്കൗണ്ടിലേക്ക് പണമെത്തിയില്ല. യുവജനങ്ങൾക്ക് തൊഴിൽ ലഭിച്ചില്ല. റെയിൽവേയിൽ ലക്ഷക്കണക്കിന് ഒഴിവുകൾ ഉള്ളപ്പോഴും കരാർ നിയമനമാണ്. സ്ഥിരം ജോലിയെന്ന സങ്കൽപം തന്നെ കേന്ദ്രസർക്കാർ തകർത്തെറിഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ പാർലമെന്റ് മാർച്ച് നടത്തിയത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. വീണ്ടുമൊരു പ്രക്ഷോഭത്തിന്റെ പാതയിൽ സിപിഐ എത്തുമ്പോൾ അത് പരാജയപ്പെടുത്താൻ എല്ലാ വഴികളും കേന്ദ്ര സർക്കാർ നോക്കുകയാണ്. സമരത്തിൽ പങ്കെടുക്കാൻ ഡൽഹിക്ക് പോകാൻ ബുക്ക് ചെയ്ത ട്രെയിൻവരെ റദ്ദാക്കി. ഏത് പ്രതികൂല സാഹചര്യത്തെയും വെല്ലുവിളികളെയും നേരിട്ട് സമരവളണ്ടിയർമാർ മുന്നേറുമെന്നും ചരിത്രത്തിലിടം നേടുന്ന പ്രക്ഷോഭമായി ദേശീയ പ്രക്ഷോഭം മാറുമെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു.


കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന യാത്രയയപ്പ് യോഗത്തിൽ സിപിഐ സിറ്റി നോർത്ത് മണ്ഡലം സെക്രട്ടറി എം കെ പ്രജോഷ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, സംസ്ഥാന കൗൺസിൽ അംഗം ടി വി ബാലൻ, ജില്ലാ അസി. സെക്രട്ടറി പി കെ നാസർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ചൂലൂർ നാരായണൻ, റീന മുണ്ടേങ്ങാട്ട്, ടി എം ശശി , കെ മോഹനൻ, ഇകെ അജിത്ത് എന്നിവർ സംസാരിച്ചു. സിപിഐ സിറ്റി സൗത്ത് മണ്ഡലം സെക്രട്ടറി പി അസീസ് ബാബു സ്വാഗതം പറഞ്ഞു. യാത്രയയപ്പ് യോഗത്തിന് മുന്നോടിയായി കോറണേഷൻ തീയേറ്റർ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.


Reporter
the authorReporter

Leave a Reply

error: Content is protected !!