തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരായ ഡല്‍ഹിയിലെ പ്രതിഷേധ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ട്രെയിന്‍ യാത്ര റദ്ദാക്കാനെ കേന്ദ്രസര്‍ക്കാരിന് കഴിയൂ, സമരം നടക്കുക തന്നെ ചെയ്യുമെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. ‘ട്രെയിന്‍ റദ്ദാക്കിക്കിയതുകൊണ്ട് ഒരാള്‍ പോലും കുറയുമെന്ന് കരുതേണ്ട, പറഞ്ഞതിനേക്കാള്‍ 10 പേര്‍ എങ്കിലും അധികം പോകും. ട്രെയിന്‍ യാത്ര ജനങ്ങളുടെ അവകാശമാണ്. നമ്മള്‍ തോല്‍ക്കാന്‍ തയ്യാറല്ല’ എന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. ദില്ലി ചലോയ്ക്ക് 1000 പേരെ എത്തിക്കാന്‍ തീരുമാനിച്ചതാണ്. ഇതിന് സ്‌പെഷ്യല്‍ ട്രെയിന്‍ ബുക്ക് ചെയ്യുന്നതിന് പത്ത് ലക്ഷം രൂപയും അടച്ചു. എന്നാല്‍ ട്രെയിന്‍ റദ്ദാക്കുകയായിരുന്നു എന്ന് സിപിഐ നേതാവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സിപിഐ ഡല്‍ഹി സമരത്തിന് ബുക്ക് ചെയ്ത സ്‌പെഷ്യല്‍ ട്രെയിൻ റദ്ദാക്കിയത്. ട്രെയിന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന്സിപിഐ നല്‍കിയ അഡ്വാന്‍സ് തുകയായ 10 ലക്ഷം രൂപ ഇന്ത്യൻ റെയിൽവെ തിരികെ നല്‍കിയിരുന്നു. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാനാണ് സിപിഐ ട്രെയിന്‍ ബുക്ക് ചെയ്തത്. 18 കോച്ചുള്ള ട്രെയിന്‍ മൊത്തമായി വാടകയ്‌ക്കെടുത്ത് ഡല്‍ഹിക്ക് പോകാനാണ് സിപിഐ റെയിവെയില്‍ അഡ്വാന്‍സ് നല്‍കി ട്രെയിന്‍ ബുക്ക് ചെയ്തത്. സെപ്റ്റംബര്‍ 1നാണ് സിപിഐയുടെ ദേശീയതല പ്രതിഷേധ പരിപാടി ഡല്‍ഹിയില്‍ നടക്കുന്നത്.
ഡൽഹി ചലോ മാർച്ച്: സ്പെഷ്യൽ ട്രെയിൻ റദ്ദാക്കിയ നടപടി
സിപിഐ റെയിൽവേ സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധമിരമ്പി

‘ഡൽഹി ചലോ’ മാർച്ചിൽ പങ്കെടുക്കാനായി പണമടച്ച് നേരത്തെ ബുക്ക് ചെയ്ത കേരളത്തിൽ നിന്നുള്ള ട്രെയിൻ റദ്ദ് ചെയ്ത റയിൽവേ അധികൃതരുടെ നടപടിക്കെതിരെ സിപിഐ നേതൃത്വത്തിൽ ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാർച്ചുകൾ നടത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന മാർച്ച് സിപിഐ സംസ്ഥാന എക്സി. അംഗം അഡ്വ. പി വസന്തം ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സി. അഗം ചൂലൂർ നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി വി ബാലൻ, ജില്ലാ അസി. സെക്രട്ടറി പി കെ നാസർ, കെ മോഹനൻ മാസ്റ്റർ, റീന മുണ്ടേങ്ങാട്ട്, ആശാ ശശാങ്കൻ സംസാരിച്ചു. പി അസീസ് ബാബു സ്വാഗതം പറഞ്ഞു.

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന മാർച്ച് ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം കെ കെ ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറി ആർ ശശി, ടി എം ശശി, ഇ കെ അജിത്ത് ടി ഭാരതി, ധനേഷ് കാരയാട്, ബി ദർശിത്ത്, അഡ്വ. എസ് സുനിൽ മോഹൻ സംസാരിച്ചു.

വടകര റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന മാർച്ച് സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടിവ് അംഗം പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് മുടപ്പിലായി, കെ കെ മോഹൻദാസ്, റീന സുരേഷ്, അഭിജിത്ത് കോറോത്ത്, പി കെ സതീശൻ പ്രസംഗിച്ചു.










