AchievementHealthLatest

ഡോ.സുരേഷ് കുമാറിന് ലോകാആരോഗ്യ സംഘടനയുടെ (WHO) പബ്ലിക് ഹെൽത്ത് ചാമ്പ്യൻ പുരസ്ക്കാരം

Nano News

കോഴിക്കോട്:പാലിയേറ്റീവ് കെയർ രംഗത്തെ അന്താരാഷ്ട്ര സംഭാവനകൾ പരിഗണിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ (IPM) സ്ഥാപക ഡയറക്‌ടർ ഡോ. സുരേഷ് കുമാറിനെ ലോക ആരോഗ്യ സംഘടനയുടെ (WHO) ദക്ഷിണേഷ്യൻ മേഖലയിലെ ‘പബ്ലിക് ഹെൽത്ത് ചാമ്പ്യൻ’ പുരസ്കാരത്തിനായി (2026) തിരഞ്ഞെടുത്തു. ജനകീയ പങ്കാളിത്തത്തോടെയുള്ള സാന്ത്വനപരിചരണ മാതൃക രൂപകല്പന ചെയ്യുകയും അത് ആഗോളതലത്തിൽ വ്യാപിപ്പിക്കുകയും ചെയ്‌തതിനാണ് ഈ ആദരം.ഇന്ത്യയിലെ ആദ്യത്തെ സാമൂഹികാധിഷ്‌ഠിത പാലിയേറ്റീവ് കെയർ പ്രസ്ഥാനമായ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ (PPCS) സ്ഥാപകരിൽ പ്രമുഖനാണ് ഡോ. സുരേഷ് കുമാർ. ഗുരുതര രോഗ പീഡ അനുഭവിക്കുന്ന രോഗികൾക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കാൻ പ്രാദേശിക കൂട്ടായ്‌മകളെയും സന്നദ്ധപ്രവർത്തകരെയും സജ്ജമാക്കുന്നതിൽ അദ്ദേഹം നൽകിയ ചിന്താപരമായ നേതൃത്വം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.PPCS-ന്റെ പരിശീലന, സേവന, ഗവേഷണ വിഭാഗമായി പ്രവർത്തിക്കുന്ന കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ, ലോകശ്രദ്ധ പിടിച്ചുപറ്റിയ ‘കേരള മോഡൽ പാലിയേറ്റീവ് കെയറിന് ജീവൻ നൽകിയ പ്രധാന കേന്ദ്രമാണ്. രോഗീപരിചരണം ആശുപത്രികളിൽ മാത്രം ഒതുങ്ങാതെ സമൂഹത്തിൻ്റെ ഉത്തരവാദിത്തമാക്കി മാറ്റാൻ ഐ.പി.എമ്മിന് കഴിഞ്ഞു.

പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായും സാന്ത്വനപരിചരണ സേവനങ്ങൾ ലോകമെമ്പാടും വികസിപ്പിച്ചെടുക്കുന്നതിൽ ഐ.പി.എം മാതൃകാപരമായ പങ്കാണ് വഹിക്കുന്നത്. പ്രത്യേകിച്ച് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത്തരം സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ഐ പി എം മുൻകൈ എടുത്തു വരുന്നു . ഈ പ്രവർത്തനങ്ങൾ മുൻനിർത്തി 2010-ൽ ലോക ആരോഗ്യ സംഘടന ഐ.പി.എമ്മിനെ ഔദ്യോഗിക സഹകരണ കേന്ദ്രമായി (WHO Collaborating Centre) അംഗീകരിച്ചു. നിലവിൽ ഈ കേന്ദ്രത്തിന്റെ ഡയറക്‌ടറായും ഡോ. സുരേഷ് കുമാർ സേവനമനുഷ്ഠിക്കുന്നു.

പൊതുജനങ്ങൾക്ക് സാന്ത്വന പരിചരണത്തിൽ പരിശീലനം നൽകി പാലിയേറ്റീവ് കെയർ മേഖലയിൽ വൻ മാറ്റമുണ്ടാക്കാൻ ഐ.പി.എമ്മിനും ഡോ. സുരേഷ് കുമാറിനും സാധിച്ചിട്ടുണ്ട്. ഈ ആഗോള പുരസ്‌കാരം കേരളത്തിൻ്റെ ജനകീയ സാന്ത്വനപരിചരണ മാതൃകയ്ക്കുള്ള വലിയൊരു അംഗീകാരം കൂടിയാണ്.


Reporter
the authorReporter

Leave a Reply

error: Content is protected !!