തിരുവനന്തപുരം:എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന 149 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പർ, നവീകരിച്ച കൊറിയർ സർവീസ് എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാട്സ്ആപ്പ് ടിക്കറ്റിങ്: ഉപയോഗിക്കാനെളുപ്പം
9447071021 എന്ന ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയച്ചാൽ പ്രത്യേക ആപ്പോ രജിസ്ട്രേഷനോ ഇല്ലാതെ തന്നെ ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രാ മാർഗം, തീയതി, സർവീസ്, സീറ്റ് എന്നിവ തെരഞ്ഞെടുക്കുന്നതും സുരക്ഷിതമായ ഓൺലൈൻ പേയ്മെന്റ് നടത്തുന്നതും ഉൾപ്പെടെയുള്ള മുഴുവൻ ബുക്കിങ് നടപടിക്രമവും വാട്സ്ആപ്പ് ചാറ്റിലൂടെ പൂർത്തിയാക്കാനാകും. ബുക്കിങ് കഴിഞ്ഞാൽ ഇ-ടിക്കറ്റും പി.എൻ.ആർ വിവരങ്ങളും അതേ ചാറ്റിൽ ലഭ്യമാകും. കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാർക്ക് വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഈ സംവിധാനം സഹായിക്കും.










