വടകര:മീത്തലെ മുക്കാളിയിൽ ദേശീയപാത വികസനം നടക്കുന്ന മേഖലയിൽ വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണിയുയർത്തി വീണ്ടും വൻ മണ്ണിടിച്ചിൽ ഉണ്ടായിരിക്കുകയാണ്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് നാട്ടുകാരെ മുഴുവൻ ഭീതിയിലാഴ്ത്തിയ ഈ സംഭവം ഉണ്ടാകുന്നത്.കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനായി സ്ഥാപിച്ചിരുന്ന കൂറ്റൻ ഇരുമ്പ് കമ്പികളും ഫൗണ്ടേഷനും ഉൾപ്പെടെ പൂർണ്ണമായും തകർന്നടിഞ്ഞ നിലയിലാണ് ഇവിടെയുള്ളത്. മണ്ണ് ഇടിഞ്ഞുവീണ ഭാഗത്തിന് തൊട്ടുമുകളിലായി നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. ഏത് നിമിഷവും സ്വന്തം വീടുകൾ നിലംപൊത്തുമോ എന്ന വലിയ ആശങ്കയിലാണ് പ്രദേശവാസികൾ ഇപ്പോൾ കഴിയുന്നത്.വാസ്തവത്തിൽ കടുത്ത പരിസ്ഥിതി ആഘാത സാധ്യതയുള്ള ഈ മേഖലയിൽ ഒരു വർഷം മുൻപ് തന്നെ വലിയ രീതിയിലുള്ള ആശങ്ക ഉയർന്നിരുന്നതാണ്. അന്ന് 50 മീറ്ററിലധികം ഉയരമുള്ള കയ്യാലയിൽ കേവലം മൂന്ന് മീറ്റർ മാത്രം നീളമുള്ള കമ്പികൾ മണ്ണിലേക്ക് കയറ്റി ‘സോയിൽ നെയിലിങ്’ എന്ന നിർമ്മാണരീതിയാണ് കരാർ കമ്പനി അവലംബിച്ചിരുന്നത്. ശാസ്ത്രീയമല്ലാത്ത ഈ നിർമ്മാണത്തിനെതിരെ അന്ന് തന്നെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതുമാണ്.
പ്രതിഷേധങ്ങൾ ശരിവെക്കുന്ന രീതിയിലാണ് പിന്നീട് കാര്യങ്ങൾ സംഭവിച്ചത്. പണി പൂർത്തിയായി മാസങ്ങൾക്കുള്ളിൽ തന്നെ ആ ഭാഗം ഇടിഞ്ഞുതാഴാൻ തുടങ്ങി. തുടർന്ന് പലതവണ മണ്ണിടിച്ചിൽ ഉണ്ടായതോടെ നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വലിയ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തി. ഇതിന് ശേഷമാണ് ശാശ്വത പരിഹാരം എന്ന നിലയിൽ ഇവിടെ കോൺക്രീറ്റ് വാൾ നിർമ്മാണം ആരംഭിച്ചത്.
എന്നാൽ, ആ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നതിനിടയിലാണ് ഇപ്പോൾ വീണ്ടും കൂറ്റൻ മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. നിലവിൽ അപകടാവസ്ഥ ലഘൂകരിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, തൊട്ടടുത്ത ഭാഗങ്ങളും ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന ഭീതിജനകമായ അവസ്ഥയിലാണ് നിലനിൽക്കുന്നത്. എത്രയും പെട്ടെന്ന് അധികൃതർ ഇടപെട്ട് പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.”










