ചേളന്നൂർ : മുട്ടോളിയിലെ നിർമ്മാണത്തിലിരിക്കുന്ന ജലസംഭരണി വൃത്തിയാക്കുന്നതിനിടയിൽ അപകടത്തിൽ പെട്ടയാളെ രക്ഷിക്കാനിറങ്ങിയ ചേളന്നൂർ സ്വദേശി ജി. ആർ. വിശ്വനാഥനെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി സി.പി.ഐ. നേതൃത്വത്തിൽ ആദരിച്ചു. നിർമ്മാണത്തൊഴിലാളിയായ പുതുക്കുടിപ്പൊയിൽ സിറാജിനെ സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വിഷവാതകം ശ്വസിച്ച് വിശ്വനാഥൻ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചു വന്ന അദ്ദേഹത്തെ സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് പൊന്നാടയണിയിച്ച് ആദരിച്ചു.

മനുഷ്യസ്നേഹത്തിന് വിലയില്ലാത്ത കാലത്ത് വിശ്വനാഥൻ വലിയ മാതൃകയാണെന്നും തൻ്റെ ഉത്തരവാദിത്തമാണ് നിറവേറ്റിയതെന്ന് പറയുമ്പോഴും ഒരു നാട് വിശ്വനാഥനെ അഭിമാനത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സി. പി. ഐ. കക്കോടി മണ്ഡലം സെകട്ടറി കെ.കെ. പ്രദീപ് കുമാർ, യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷ്റഫ് കുരുവട്ടൂർ, സി. പി. ഐ. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എ.കെ.സന്ദീപ്, എ.ഐ.വൈ.എഫ്. ജില്ലാ എക്സിക്യൂട്ടീവ് കെ. സുജിത്ത്, ബ്രാഞ്ച് സെക്രട്ടറി എൻ.ടി. ബിജു,ശോഭനൻ നായർ,എന്നിവർ പങ്കെടുത്തു.










