LatestPolitics

സിപിഐ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി റെയിൽവേ സ്റ്റേഷൻ വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണം: അഡ്വ. പി ഗവാസ്

Nano News

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്. ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർത്ത് കൃത്യമായ പ്രവർത്തന കലണ്ടർ തയ്യാറാക്കിക്കൊണ്ടാവണം മുന്നോട്ടുള്ള പ്രവർത്തനങ്ങൾ. സുരക്ഷിതയാത്ര, സമയ ബന്ധിത വികസനം എന്ന മുദ്രാവാക്യം ഉയർത്തി സിപിഐ സിറ്റി കമ്മിറ്റികളുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ. പി ഗവാസ്.

റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും നിർമാണ പ്രവർത്തനങ്ങളിലെ അനാസ്ഥയുമെല്ലാം യാത്രക്കാരെ വലിയ തോതിൽ ദുരിതത്തിലാക്കുന്നു. 2024 ജൂണിൽ മൂന്ന് വർഷത്തെ കാലാവധി നിശ്ചയിച്ചാണ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ ഇരുപത് ശതമാനം പ്രവൃത്തികൾ പോലും ഇതുവരെയും പൂർത്തിയായിട്ടില്ല. അഞ്ഞൂറോളം തൊഴിലാളികൾ വേണ്ടിടത്ത് കേവലം എഴുപത് തൊഴിലാളികളെയും വെച്ചാണ് പണി നടക്കുന്നത്. അറ്റകുറ്റപ്പണികൾക്കായി സ്റ്റേഷൻ പൊളിച്ചിട്ടതോടെ ഇതുവഴിയുള്ള ഗതാഗതവും പ്രയാസത്തിലാണ്. ആവശ്യമായ പാർക്കിങ് ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെ ഇതിന്റെ ദുരിതം പേറുന്നുണ്ട്. നിർമാണ പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്ക് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നു വീണ സംഭവത്തിൽ കൂടുതൽ കാര്യക്ഷമമായ അന്വേഷണം ആവശ്യമാണ്. പാലക്കാട് റെയിൽവേ ഡിവിഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് അപര്യാപ്തമാണ്. അപകടമുണ്ടായതിൽ കരാറുകാർക്കൊപ്പം റെയിൽവേ അധികൃതരുടെ വീഴ്ചയുമുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ റെയിൽവേ സ്റ്റേഷൻ കെട്ടിടങ്ങളുടെ സുരക്ഷാ ഓഡിറ്റ് എത്രയും വേഗം നടത്തണം. സൗത്ത് മണ്ഡലം സെക്രട്ടറി പി അസീസ് ബാബു അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി വി ബാലൻ, ജില്ലാ അസി. സെക്രട്ടറി പി കെ നാസർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ സി സതീശൻ, ജില്ലാ കൗൺസിൽ അംഗം ആശ ശശാങ്കൻ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത വി എസ് എന്നിവർ സംസാരിച്ചു. സിറ്റി നോർത്ത് മണ്ഡലം കമ്മിറ്റി സെക്രട്ടറി എം കെ പ്രജോഷ് സ്വാഗതം പറഞ്ഞു. ലിങ്ക് റോഡിൽ നിന്ന് പ്രകടനം ആരംഭിച്ചു. പ്രകടനത്തിന് അഡ്വ. എ കെ സുകുമാരൻ, ഒ പ്രശാന്ത്, യു സതീശൻ, എം രതീശൻ, പി പ്രേംകുമാർ, എം മുഹമ്മദ് ബഷീർ, കെ സുജിത്ത് കൗൺസിലർ ആഷിക ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം അഞ്ജിത ഷനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply

error: Content is protected !!