ന്യൂജേഴ്‌സി: ഫിഫ ലോകകപ്പില്‍ ബ്രസീലിന് ക്വാര്‍ട്ടര്‍ കാണാതെ മടക്കം. പ്രീക്വാര്‍ട്ടറില്‍ നോര്‍വെയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റാണ് ബ്രസീല്‍ പുറത്താകുന്നത്. മത്സരത്തിന്റെ രണ്ടാം പാതിയില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ടാണ് രണ്ട് ഗോളും നേടിയത്. പെനാല്‍റ്റിയിലൂടെ നെയ്മറിന്റെ വകയായിരുന്നു ബ്രസീലിന്റെ ആശ്വാസഗോള്‍. ഈ വിജയത്തോടെ നോര്‍വേ ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ യോഗ്യത നേടി.നാടകീയ നിമിഷങ്ങള്‍ നിറഞ്ഞ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ നോര്‍വേ ആക്രമണം ശക്തമാക്കി. 80-ാം മിനിറ്റില്‍ ഒരു മിന്നല്‍ ഹെഡറിലൂടെ ഹാളണ്ട് നോര്‍വേയെ മുന്നിലെത്തിച്ചു. തുടര്‍ന്ന് മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കിനില്‍ക്കെ, പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്നും തൊടുത്തുവിട്ട മനോഹരമായൊരു ഷോട്ടിലൂടെ ഹാളണ്ട് നോര്‍വേയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മര്‍ ബ്രസീലിനായി ഒരു ഗോള്‍ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു
1990ന് ശേഷം ആദ്യമായാണ് ബ്രസീല്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ (റൗണ്ട് ഓഫ് 16) ഘട്ടത്തില്‍ പുറത്താകുന്നത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നോര്‍വേയെ ഇതുവരെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ബ്രസീലിന്റെ മോശം റെക്കോര്‍ഡ് ഈ മത്സരത്തോടെയും തിരുത്താനായില്ല. ലാറ്റിനമേരിക്കന്‍ കരുത്തരെ അട്ടിമറിച്ച ആത്മവിശ്വാസത്തോടെ നോര്‍വേ ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് തയ്യാറെടുക്കും.










