Latest

സമസ്ത സ്ഥാപകദിന സമ്മേളനം ജൂൺ 25-ന് കോഴിക്കോട്ട്

Nano News

കോഴിക്കോട്:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപകദിന സമ്മേളനം ജൂൺ 25 വ്യാഴാഴ്ച കോഴിക്കോട് ടൗൺഹാളിൽ നടക്കും. സമസ്തയുടെ നൂറാം വാർഷിക (സെന്റിനറി) ആഘോഷങ്ങളുടെ ഭാഗമായാണ് സംഗമം സംഘടിപ്പിക്കുന്നത്. 1926 ജൂൺ 26-നാണ് സംഘടന ഔദ്യോഗികമായി കോഴിക്കോട് ടൗൺഹാളിൽ രൂപംകൊണ്ടത്.
ഇസ്‌ലാമിന്റെ തനതായ ആദർശങ്ങളെയും ആചാരങ്ങളെയും മാറ്റം കൂടാതെ കാത്തുസൂക്ഷിക്കുന്നതോടൊപ്പം, ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് വ്യവസ്ഥാപിതമായി മത-ഭൗതിക വിദ്യാഭ്യാസം നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുകയും ചെയ്ത ചരിത്രപരമായ നിയോഗമാണ് സമസ്തയുടേത്. നൂറ്റാണ്ടുകളുടെ പാരമ്പര്യവും ആധുനിക വിദ്യാഭ്യാസ മുന്നേറ്റവും സമന്വയിപ്പിച്ച്, മുസ്‌ലിം സമൂഹത്തെ സന്മാർഗത്തിലും സാംസ്കാരിക ഉന്നതിയിലും നയിക്കുന്നതിൽ ഈ പണ്ഡിതകൂട്ടായ്മ നിർണായക പങ്ക് വഹിക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ ജനകീയ സ്വാധീനമുള്ള മതസംഘടന എന്ന നിലയിൽ, സമുദായത്തിന്റെ ആത്മീയവും സാമൂഹികവുമായ നട്ടെല്ലാണ് സമസ്ത.ബഹുസ്വര രാജ്യമായ ഇന്ത്യയിൽ സൗഹാർദ്ദവും സഹകരണവും നിലനിർത്തുന്നതിലും രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാകാൻ പ്രേരിപ്പിക്കുന്നതിലും സംഘടന വലിയ പങ്കാണ് വഹിക്കുന്നത്.
സെൻറിനറി ആഘോഷങ്ങളുടെ ഔദ്യോഗികമായ പ്രഖ്യാപനം 2023 ഡിസംബർ 30ന് കാസർഗോഡ് വെച്ച് നടന്നു.തുടർന്ന് സമസ്തയുടെ വിവിധ കീഴ് ഘടകങ്ങളുടെ നേതൃത്വത്തിൽ വിപുലമായ കർമ്മപദ്ധതികളാണ് ഇതിനോടകം നടന്നു വന്നത്. 2027 ജനുവരി 28, 29, 30, 31 തീയ്യതികളിൽ മലപ്പുറം വാദി ഹറമൈനിൽ നടക്കുന്ന സമാപന സമ്മേളനത്തോടെ സെന്റിനറി ആഘോഷങ്ങൾക്ക് തിരശ്ശീല വീഴും.
സ്ഥാപകദിന സമ്മേളനം സമസ്‌തകേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ.സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹീമുൽഖലീൽ അൽ ബുഖാരി,പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി വിഷയാവതരണം നടത്തും.
സ്ഥാപകദിനത്തോടനുബന്ധിച്ച് മദ്റസകളിൽ സ്റ്റുഡൻ്റ്സ് അസംബ്ലി, തീം സോംഗ്,പ്രഭാഷണം,യൂണിറ്റുകളിൽ പതാകഉയർത്തൽ, സന്ദേശ പ്രഭാഷണം,ലഘുലേഖ വിതരണം തുടങ്ങിയവ നടക്കും

പത്രസമ്മേളനത്തിൽ സംബന്ധിച്ചവർ
1. സയ്യദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി
സെക്രട്ടറി,സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
2. പേരോട് അബ്ദുറഹ്മാൻ സഖാഫി
സെക്രട്ടറി,സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
3. അബ്ദുൽ മജീദ് കക്കാട്
കൺവീനർ,സെന്റിനറി പ്രോജക്ട് കൗൺസിൽ

 


Reporter
the authorReporter

Leave a Reply