കോഴിക്കോട് : കവിയും ബാലസാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനും യുവകലാസാഹിതിയുടേയും ജോയിൻ്റ് കൗൺസിലിൻ്റേയും നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്തിരുന്ന സി.എം. കേശവൻ്റെ സ്മരണാർഥം സി. എം. കേശവൻ അനുസ്മരണ സമിതി ഏർപ്പെടുത്തിയ പുരസ്‌ക്കാരത്തിന് സാംസ്‌കാരിക പ്രവർത്തകൻ ടി.പി. മമ്മു മാസ്റ്റർ അർഹനായി. കോഴിക്കോട് നഗരത്തിലെ സാഹിത്യ സാംസ്കാരിക സംഘടനകളുടെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ടി.പി.മമ്മു മാസ്റ്റർ പ്രമുഖ എഴുത്തുകാർക്കൊപ്പം സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. നഗരത്തിലെ മിക്ക പരിപാടികൾക്കും നന്ദി പറഞ്ഞിരുന്ന മമ്മു മാസ്റ്ററെ കുറിച്ച് ഡോ.എൻ.പി. ഹാഫിസ് മുഹമ്മദ് തയ്യാറാക്കിയ പുസ്തകമാണ് നന്ദി മമ്മുമാഷ്. യുവകലാസാഹിതി, കലിക്കറ്റ് ബുക്ക് ക്ലബ്ബ് , ഭാഷാസമന്വയ വേദി, കേരള സാഹിത്യ സമിതി തുടങ്ങിയ സംഘടനകൾക്ക് പല ഘട്ടങ്ങളിൽ അദ്ദേഹം നേതൃത്വം നൽകി.
ടി.വി. ബാലൻ, എ.പി. കുഞ്ഞാമു , ഡോ. ഒ.കെ. മുരളീകൃഷ്ണൻ എന്നിവരടങ്ങിയ പുരസ്കാര നിർണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മെയ് 30 ന് കോഴിക്കോട് വെച്ച് നടക്കുന്ന സി. എം. കേശവൻ അനുസ്മരണത്തിൽ വെച്ച് കവി ആലങ്കോട് ലീലാകൃഷ്ണൻ പുരസ്‌കാരം നൽകും.










