EducationLatest

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി സ്കൂളുകളിലും “സജ്ജം” പദ്ധതിക്ക് തുടക്കമായി.

Nano News

കോഴിക്കോട്:പ്ലസ് ടു പരീക്ഷയിലെ വിജയശതമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി സ്കൂളുകളിലും “സജ്ജം” പദ്ധതിക്ക് തുടക്കമായി. ജില്ലയിലെ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ ഒരുക്കുന്നതിനും അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.പദ്ധതിയുടെ ഭാഗമായി പ്രിൻസിപ്പൽമാർക്കും സ്കൂൾ സജ്ജം കോഡിനേറ്റർമാർക്കുമായി സംഘടിപ്പിച്ച ശില്പശാല  ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  മില്ലി മോഹൻ ശില്പശാല ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന് അധ്യാപകരുടെ പങ്ക് നിർണായകമാണെന്നും പരീക്ഷാ തയ്യാറെടുപ്പിൽ പുതുമയുള്ള രീതികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എരവത്ത് മുനീർ അധ്യക്ഷത വഹിച്ചു. ജില്ലയിൽ പ്ലസ് ടു പരീക്ഷാ ഫലങ്ങളിൽ ഗുണനിലവാരപരമായ മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് സജ്ജം പദ്ധതി നടപ്പാക്കുന്നതെന്നും, മോഡൽ പരീക്ഷകൾ, റിവിഷൻ ക്ലാസുകൾ, മെന്ററിംഗ്, കൗൺസിലിംഗ് തുടങ്ങിയ ഘടകങ്ങൾ പദ്ധതിയുടെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു. കോഡിനേറ്റർ പി മുജീബ് റഹ്മാൻ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പിജി മുഹമ്മദ്,രാജേഷ് മാസ്റ്റർ, ഷെഹീൻ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കോർഡിനേറ്റർ മുരളീധരൻ, നസീർ നൊച്ചാട് പ്രസംഗിച്ചു.
ശില്പശാലയിൽ ജില്ലയിലെ വിവിധ ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽമാരും സജ്ജം കോഡിനേറ്റർമാരും പങ്കെടുത്തു. പഠന നിലവാരം മെച്ചപ്പെടുത്തൽ, പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തൽ, പരീക്ഷാ മുന്നൊരുക്ക പ്രവർത്തനങ്ങൾ ശക്തമാക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടന്നു.
കോഴിക്കോട് ജില്ലയിലെ പ്ലസ് ടു വിദ്യാർത്ഥികളുടെ വിജയം ഉറപ്പാക്കുന്നതിനുള്ള സമഗ്ര ഇടപെടലായാണ് ജില്ലാ പഞ്ചായത്ത് സജ്ജം പദ്ധതിയെ കാണുന്നതെന്ന് സംഘാടകർ അറിയിച്ചു. എസ്എസ്എൽസി പരീക്ഷാഫലം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഫെബ്രുവരി 21 മുതൽ തീവ്ര പരിശീലനക്യാമ്പുകൾ സ്കൂൾതലത്തിലും ദ്വി ദിന ശില്പശാലകൾ ബിആർസിതലത്തിലും നടത്താനും തീരുമാനിച്ചിട്ടുണ്ട്.


Reporter
the authorReporter

Leave a Reply