സിനിമാ സാഹിത്യ മേഖലകളിൽ മലയാളത്തിൻ്റെ അഭിമാനമായ എം.ടി. വാസുദേവൻ നായർക്ക് ആദരമായി മാനാഞ്ചിറ ഫിലിം ഫെസ്റ്റിവൽ ഫോറത്തിൻ്റെ ആഭിമുഖൃത്തിൽ ചിത്രാഞ്ജലി. ജനുവരി 13 ന് രാവിലെ 10.30 മുതൽ കോഴിക്കോട് കൈരളി ശ്രീ തിയേറ്റർ കോംപ്ളക്സിലെ വേദി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ എം.ടി തിരക്കഥയിലും സംവിധാനത്തിലും പങ്കുവഹിച്ച ശ്രദ്ധേയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. രാവിലെ 10.30 ന് എം.ടി. ആദ്യമായി തിരക്കഥ ഒരുക്കിയതും എ. വിൻസെൻ്റ് സംവിധാനം ചെയ്തതുമായ മുറപ്പെണ്ണ് പ്രദർശിപ്പിക്കും. എം.ടിയുടെ സ്നേഹത്തിന്റെ മുഖങ്ങൾ എന്ന ചെറുകഥയാണ് ചിത്രത്തിലെ പ്രമേയം.
മധു, പ്രേം നസീർ , കെ.പി. ഉമ്മർ എന്നിവരാണ് അഭിനേതാക്കൾ. കെ.പി ഉമ്മർ സിനിമാ പ്രവേശനം നടത്തുന്നത് ഈ സിനിമയിലൂടെയാണ്. ഉച്ചക്ക് 2.15 ന് എം.ടി യുടെ തിരക്കഥയിൽ ഹരികുമാർ സംവിധാനം ചെയ്ത സുകൃതം പ്രദർശിപ്പിക്കും. സുകൃതത്തിലെ
അഭിനയത്തിന് 1994-ൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
വൈകീട്ട് 5 ന് പള്ളിവാളും കാൽച്ചിലമ്പും എന്ന സ്വന്തം കഥയെ ആസ്പദമാക്കി എം.ടി തിരക്കഥാ രചനയും സംവിധാനവും നിർവ്വഹിച്ച നിർമ്മാല്യം പ്രദർശിപ്പിക്കും. 1973-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നിർമ്മാല്യത്തിന് ലഭിച്ചിട്ടുണ്ട്. പി.ജെ. ആന്റണിക്ക് ഈ ചിത്രത്തിലെ അഭിനയത്തിന്
ഏറ്റവും മികച്ച നടനുള്ള ഭരത് അവാർഡും ലഭിച്ചു.
ഡോ. ആർ.വി.എം. ദിവാകരൻ, പി.വി. ജിജോ, കെ.ടി.ശേഖർ എന്നിവർ ചിത്രങ്ങളെ കുറിച്ച് ആമുഖ പ്രഭാഷണം നടത്തും. ബാങ്ക് മെൻസ് ഫിലീം സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്.