കൊച്ചി: പ്രമേഹ ഗവേഷണ സ്ഥാപനമായ ആര്‍എസ്എസ്ഡിഐ രോഗനിയന്ത്രണ ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ 100 ഗ്രാമങ്ങള്‍ ദത്തെടുക്കുന്നു. നിലവാരമുള്ള പ്രമേഹ പരിചരണം, പ്രമേഹ നിയന്ത്രണത്തിന് ഗ്രാമവാസികളെ പര്യാപ്തമാക്കല്‍, പൊണ്ണത്തടി പരിശോധന, രക്താദിസമ്മര്‍ദ്ദ പരിശോധന, പ്രമേഹ വിദ്യാഭ്യാസ ക്ലാസുകള്‍, മറ്റ് സാംക്രമികേതര രോഗങ്ങള്‍ എന്നിവയില്‍ പരിശോധനകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ആര്‍എസ്എസ്ഡിഐയിലെ ഉയര്‍ന്ന യോഗ്യതയുള്ള ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും ക്ലാസുകള്‍. ദേശീയതലത്തില്‍ പ്രസിഡന്റ് മോഹന്‍ മക്കര്‍, സെക്രട്ടറി ഡോ. സഞ്ജയ് അഗര്‍വാള്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഡോ. അമിത് ഗുപ്ത, ഡോ. രാകേഷ് സഹായ്, ഡോ. വസന്തകുമാര്‍ എന്നിവരും കേരളത്തില്‍ ജ്യോതി ദേവ്, ഡോ. അനിത നമ്പ്യാര്‍ തുടങ്ങിയവരും നേതൃത്വം നല്‍കും.
തെരഞ്ഞെടുക്കപ്പെടുന്ന ഗ്രാമങ്ങളിലെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന രൂപത്തിലാണ് ദത്തെടുക്കല്‍ പരിപാടി. സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള സ്‌ക്രീനിംഗ്, മൂല്യനിര്‍ണ്ണയ രീതി, കമ്മ്യൂണിറ്റി മൊബിലൈസേഷന്‍, ആരോഗ്യ പ്രോത്സാഹനം തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
രാജ്യത്ത് പ്രമേഹം അതിവേഗം വര്‍ധിച്ചു വരുകയും മതിയായ വൈദ്യസഹായം ലഭിക്കാതെ ദിനംപ്രതി അനേകം പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്നതിനാലാണ് പുതിയ സംരംഭത്തെക്കുറിച്ച് ആലോചിച്ചതെന്ന് റിസര്‍ച്ച് സൊസൈറ്റി ഫൊര്‍ ദ സ്റ്റഡി ഓഫ് ഡയബറ്റിസ് ഇന്‍ ഇന്ത്യ (ആര്‍എസ്എസ്ഡിഐ) എക്‌സിക്യൂട്ടീവ് അംഗം ജ്യോതി ദേവ് പറഞ്ഞു. ഗ്രാമങ്ങളെ ദത്തെടുക്കാനുള്ള ഒന്നാമത്തെ മാനദണ്ഡം ആപ്രദേശത്തെ അടിസ്ഥാന മെഡിക്കല്‍ സൗകര്യങ്ങളായിരിക്കുമെന്ന് ഡോ. അനിത നമ്പ്യാര്‍ പറഞ്ഞു.