Tuesday, December 3, 2024
HealthLatest

ഗര്‍ഭപാത്രം നീക്കംചെയ്യല്‍; നിയന്ത്രണം വേണമെന്ന് സെമിനാര്‍


കോഴിക്കോട്: അനാവശ്യമായ ഗര്‍ഭപാത്രം നീക്കം ശസ്ത്രക്രിയകളെക്കുറിച്ച് സ്ത്രീകളില്‍ ബോധവവത്ക്കരണം നടത്തേണ്ടത് അനിവാര്യമാണെന്ന് സെമിനാര്‍. സ്ത്രീകളുടെ പ്രജനന ആരോഗ്യത്തെക്കുറിച്ച് വിദ്യാഭ്യാസം നല്‍കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള  പ്രധാന ഉപാധിയായി കൗണ്‍സിലിങ്ങിനെ ഉപയോഗപ്പെടുത്തണമെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു. ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ബിയിങ് കൗണ്‍സിലും ഫെഡറേഷന് ഒഫ് ഒബ്സ്റ്റട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഒഫ് ഇന്ത്യയും ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ ബെയറുമായി ചേര്‍ന്ന് നടത്തിയ ഗര്‍ഭപാത്ര സംരക്ഷണത്തിലൂടെ സ്ത്രീകളുടെ ആരോഗ്യസുരക്ഷ എന്ന വെര്‍ച്ച്വല്‍ സെമിനാറില്‍ പങ്കെടുത്തവരാണ് ഈ അഭിപ്രായം പങ്കുവെച്ചത്.

അനിവാര്യമല്ലാത്തപ്പോഴും ഗര്‍ഭപാത്രങ്ങള്‍ നീക്കുന്നതിനെക്കുറിച്ച് സെമിനാറില്‍ ആശങ്കയുണര്‍ന്നു. മറ്റു വഴികള്‍ സാധ്യമാണെങ്കില്‍  ഗര്‍ഭപാത്രം നീക്കം ചെയ്യാതെ സംരക്ഷിക്കുക തന്നെയാണ് അഭികാമ്യമെന്ന് കേരള ഫെഡറേഷന്‍ ഒഫ് ഒബ്സ്റ്ററിക്‌സ് ആന്‍ഡ് ഗൈനക്കോളജി പ്രസിഡന്റ് ഡോ. ആര്‍. അശ്വത് കുമാര്‍ പറഞ്ഞു.

സ്ഥിരവും സുദീര്‍ഘവുമായ പരിരക്ഷയ്ക്കായി ആര്‍ത്തവ വൃത്തിയും ആരോഗ്യവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പ്രോഗ്രാം മാനെജര്‍ ആര്‍ലി മാത്യു പറഞ്ഞു. സ്ത്രീകളുടെ പ്രജനന ആരോഗ്യം സംരക്ഷിക്കുന്നതിന് ശസ്ത്രക്രിയകളല്ലാത്ത മറ്റു മാര്‍ഗങ്ങളെക്കുറിച്ച് അടിയന്തരമായി ആലോചിക്കേണ്ടതുണ്ടെന്ന് ബെയര്‍ സൈഡസ് ഫാര്‍മ വിമന്‍സ് ഹെല്‍ത്ത് കെയര്‍ വിഭാഗം മേധാവി ദീപക് ചോപ്ര പറഞ്ഞു. ഗര്‍ഭപാത്രം നീക്കം ചെയ്യലിന്റെ ശാരീരികവും മാനസികവുമായ പ്രത്യാഘ്യാതങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്ക് അറിയാനുള്ള അവസരങ്ങള്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയകള്‍ അതിവ്യാപകമാണ്. 40 വയസില്‍ ചുവടെയുള്ളവരില്‍പ്പോലും ഇത് നിര്‍ബാധം നടക്കുന്നു. ഗര്‍ഭപാത്രം നീക്കംചെയ്യുന്നവരില്‍ 3.3 ശതമാനം 30-39 വയസിന് ഇടയിലുള്ളവരാണ്. ശാരീരികാവസ്ഥകള്‍ക്കൊപ്പം സ്ത്രീകളുടെ മാനസികനിലയെയും ഗര്‍ഭാശയനീക്കം ബാധിക്കുന്നതായി ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യ ആലപ്പുഴ ഘടകം പ്രസിഡന്റ് ഡോ. ലളിതാംബിക കരുണാകരന്‍ അഭിപ്രായപ്പെട്ടു.


Reporter
the authorReporter

Leave a Reply