കോഴിക്കോട് – കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റിയുടെയും താലൂക്ക് നിയമ സേവന കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ 2026 ജൂൺ 13ന് നടത്തിയ നാഷനൽ ലോക് അദാലത്തിൽ നിലവിലെ കേസുകളും പുതിയ പരാതികളുമായി 4874 എണ്ണം തീർപ്പു കൽപിച്ചു. മൊത്തം 17,54,73,727 രൂപ വിവിധ കേസുകളിൽ നഷ്ടപരിഹാരം നൽകുവാൻ ഉത്തരവായി. നാഷനൽ ലീഗൽ സർവീസസ് അതോറിറ്റിയുടെയും കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെയും നിർദ്ദേശപ്രകാരമാണ് അദാലത്ത് നടത്തിയത്. ആകെ 6565 കേസുകൾ പരിഗണനയ്ക്ക് വന്നു.
കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തിലും കൊയിലാണ്ടി, വടകര, കുന്നമംഗലം, താമരശ്ശേരി കോടതികളിലുമായി നടന്ന അദാലത്തുകളിൽ സിവിൽ കേസുകൾ, വാഹന അപകട കേസുകൾ ,ഭൂമി ഏറ്റെടുക്കൽ കേസുകൾ, കുടുംബ തർക്കങ്ങൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, ബാങ്ക് വായ്പ സംബന്ധമായ കേസുകൾ തുടങ്ങിയവ പരിഗണിച്ചു. ജില്ലാ നിയമ സേവന അതോറിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദുകുമാരി, സെക്രട്ടറി ശ്രീ. ബിജു എം. സി., കോഴിക്കോട് താലൂക്ക് നിയമ സേവന കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. കൃഷ്ണകുമാർ, കൊയിലാണ്ടി താലൂക്ക് നിയമ സേവന കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.നൗഷാദ് അലി, വടകര താലൂക്ക് നിയമ സേവന കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മിനി എന്നിവർ അദാലത്ത് പ്രവർത്തനങ്ങൾഏകോപിപ്പിച്ചു.










