Accident newsLatest

പേരാമ്പ്രയിൽ കനത്ത കാറ്റിൽ മരം കടപുഴകി വീണ് ബൈക്ക് യാത്രികൻ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

Nano News

പേരാമ്പ്ര:മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ റോഡരികിലെ വൻമരം കടപുഴകി വീണ് ഇരുചക്ര വാഹനയാത്രക്കാരൻ മരിച്ചു. കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉള്ളേരി ആതകശ്ശേരി ക്ഷേത്രത്തിന് സമീപം പൂക്കോട്ടിൽ ഉന്നതയിലെ പടിഞ്ഞാറെ കക്കാട്ടിൽ ഹരിദാസ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉള്ളിയേരി കായപ്പറ്റ ശശിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
​തിങ്കളാഴ്ച വൈകീട്ട് 3.40-ഓടെ പേരാമ്പ്ര കൈതക്കൽ കള്ള് ഷാപ്പിന് സമീപം സംസ്ഥാന പാതയിലായിരുന്നു ദാരുണമായ അപകടം. പേരാമ്പ്ര ഭാഗത്തുനിന്ന് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും.
​പാതയോരത്ത് നിന്നിരുന്ന നെന്മേനി മരമാണ് ശക്തമായ കാറ്റിൽ പൊട്ടി വീണത്. മരം സമീപത്തെ ഇലക്ട്രിക് പോസ്റ്റിലേക്കും ഇതേസമയം റോഡിലൂടെ പോവുകയായിരുന്ന ബൈക്കിലേക്കും പതിക്കുകയായിരുന്നു. മരത്തിനും ഇലക്ട്രിക് പോസ്റ്റിനും ഇടയിൽ കുടുങ്ങിയ ഇരുവരെയും സമീപത്തെ ‘സന’ വർക്ക് ഷോപ്പിലെ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ഉടൻ തന്നെ പേരാമ്പ്ര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹരിദാസനെ രക്ഷിക്കാനായില്ല.
​കള്ള് ഷാപ്പിന് മുകളിലേക്ക് മരം വീണു; വൻ ദുരന്തം ഒഴിവായി
​കൈതക്കലിലെ കള്ള് ഷാപ്പിനും സമീപത്തെ വർക്ക് ഷോപ്പിനും മുകളിലേക്കാണ് മരം ഒടിഞ്ഞുവീണത്. അപകടസമയത്ത് കള്ള് ഷാപ്പിനുള്ളിൽ ആറോളം പേരുണ്ടായിരുന്നു. മരം വീണതോടെ പരിഭ്രാന്തരായ ഇവരെ നാട്ടുകാർ പിൻവശത്തു കൂടിയാണ് പുറത്തെത്തിച്ചത്. ഇവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പേരാമ്പ്രയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
​അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപം
അപകടമുണ്ടാക്കിയ നെന്മേനി മരം  അപകടാവസ്ഥയിലായിട്ട് കാലങ്ങളായെന്ന് നാട്ടുകാർ ആരോപിച്ചു. മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.


Reporter
the authorReporter

Leave a Reply