കോഴിക്കോട്: നഗരത്തിലെ വിവിധ ഹോട്ടലുകളിലും ഭക്ഷണ വിതരണ സ്ഥാപനങ്ങളിലും കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങളും പൂപ്പൽ പിടിച്ച കരിമ്പും പിടിച്ചെടുത്തു. ഇന്ന് രാവിലെ ആറ് മുതലായിരുന്നു പരിശോധന. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെയും ശുചിത്വ സംവിധാനങ്ങളുടെയും ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. ഹോട്ടലുകളിൽ വൃത്തിഹീനമായ ഫ്രീസറുകളിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതായും അടുക്കളയും പരിസരവും വൃത്തിഹീനമായ കിടക്കുന്നതായും കണ്ടെത്തി. പലയിടങ്ങളിലും ജൈവ- അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ പൊതു ഓവുചാലുകളിലേക്ക് ഒഴുക്കിവിടുന്ന സ്ഥിതിയും ഉണ്ടായിരുന്നു.
വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കാലാവധി കഴിഞ്ഞ ചിക്കൻ, ബീഫ്, മസാലകൾ എന്നിവ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. മുതലക്കുളത്തെ മലബാർ പാലസ് ഹോട്ടൽ, സൗത്ത് ബീച്ചിലെ സീക്യൂൻ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയതും ഉപയോഗ കാലാവധി കഴിഞ്ഞതുമായ ആഹാര സാധനങ്ങൾ വിൽപ്പനക്കായി സൂക്ഷിച്ചിട്ടുള്ളത് പിടിച്ചെടുത്തിട്ടുള്ളത്.
സൗത്ത് ബീച്ചിലെ കൂൾ കെയ്ൻ എന്ന സ്ഥാപനത്തിൽ ജ്യൂസ് തയ്യാറാക്കുന്നതിനായി സൂക്ഷിച്ചിരുന്ന പൂപ്പൽ പിടിച്ചതും വൃത്തിഹീനവുമായ കരിമ്പിൻ തണ്ടുകളും പിടിച്ചെടുത്തു. അടുക്കളയും പരിസരവും വൃത്തിഹീനമായി കണ്ടെത്തിയ ബീച്ച് റോഡിലെ സംസം ഹോട്ടലിന് നോട്ടീസ് നൽകി. മലിനജലം പൊതു ഓവുചാലിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയ ബീച്ച് റോഡിലെ നഹിദി മന്തി എന്ന സ്ഥാപനത്തിനും നോട്ടീസ് നൽകി. നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും തുടർ നടപടികൾ സ്വീകരിച്ചുവരികയുമാണെന്ന് അധികൃതർ പറഞ്ഞു. ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പുവരുത്തുന്നതിനായി നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷണ സ്ഥാപനങ്ങളിലും പരിശോധന തുടരും. പരിശോധനയിൽ കോർപറേഷൻ ഹെൽത്ത് ഓഫീസർ ഇൻ ചാർജ് കെ ദിലീപ് കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ രാജേഷ്, വിഷ്ണുപ്രസാദ്, സോണിയ പങ്കെടുത്തു.
ബീച്ച് ഫുഡ് സ്ട്രീറ്റിലെയും കോഴിക്കോട് നഗരത്തിലെ മറ്റ് പ്രധാന ഭക്ഷ്യവില്പന കേന്ദ്രങ്ങളിലെയും ഭക്ഷണം തയ്യാറാക്കുകയും സൂക്ഷിക്കുകയും വിൽക്കുകയും ചെയ്യുന്ന സ്ഥലങ്ങളിൽ നിരന്തര പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. കോർപറേഷൻ ആരോഗ്യ വിഭാഗത്തിനും ഭക്ഷ്യ സുരക്ഷാ വകുപ്പിനുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്.


