കോഴിക്കോട്: ഏകശിലാരൂപമായ സംസ്കാരം അടിച്ചേൽപിക്കാനുള്ള ശ്രമം ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന വർത്തമാനകാല സാഹചര്യത്തിൽ പി എ മുഹമ്മദ് കോയയുടെ സുൽത്താൻവീട് ഉൾപ്പെടെയുള്ള രചനകൾ കൂടുതൽ വായിക്കപ്പെടണമെന്ന് പ്രശസ്ത എഴുത്തുകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. ടൗൺഹാളിൽ സീനിയർ ജേണലിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച പിഎ മുഹമ്മദ് കോയ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന കൃതിയാണ് സുൽത്താൻവീട്. ഒരു സമുദായത്തിന്റ കഥ മാത്രമല്ല ഇത്. അതിന് പിന്നിൽ സൂക്ഷ്മമായ രാഷ്ട്രീയമുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും അലകൾ അതിൽ അന്തർലീനമാണ്. ജീവിച്ചിരിക്കുന്ന കാലത്ത് അത്രതന്നെ അംഗീകരിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്ത ആളല്ല മുഹമ്മദ് കോയ. അദ്ദേഹം ഒരിക്കലും സെൽഫ് മാർക്കറ്റിങിന്റെ രീതി അവലംബിച്ചിരുന്നില്ലെന്നും ആലങ്കോട് പറഞ്ഞു. ഫോറം ജില്ലാ പ്രസിഡന്റ് പി പി അബൂബക്കർ അധ്യക്ഷത വഹിച്ചു. ഡോ. എൻ പി ഹാഫിസ് മുഹമ്മദ്, പി എയുടെ ജീവചരിത്രമെഴുതിയ നടക്കാവ് മുഹമ്മദ് കോയ, സുൽത്താൻ വീട് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്ന പി ജെ മാത്യു, സുൽത്താൻ വീട് ടിവി സീരിയലിന് തിരക്കഥയെഴുതിയ കെ പി വിജയകുമാർ, കെ എഫ് ജോർജ്, നിയുക്ത പ്രസ് ക്ലബ്ബ് പ്രസിഡന്റ് ദീപക് ധർമ്മടം എന്നിവർ പ്രസംഗിച്ചു. ഫോറം ജില്ലാ സെക്രട്ടറി എം സുധീന്ദ്രകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബാബു ചെറിയാൻ നന്ദിയും പറഞ്ഞു.
പിഎ മുഹമ്മദ് കോയയുടെ സുൽത്താൻവീട് എന്ന നോവലിനെ ആസ്പദമാക്കിയുള്ള സീരിയലിന്റെ ഏതാനും ഭാഗങ്ങളും പ്രദർശിപ്പിച്ചു. തുടർന്ന് മുസ്തഫ മാത്തോട്ടം നയിച്ച ബാബുക്കയുടെ ഈണങ്ങൾ ഗാനമേള അരങ്ങേറി.


