കോഴിക്കോട്: ജില്ലയിലെ കുന്ദമംഗലം സർക്കിളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത 16,000ത്തിലധികം മുട്ടകൾ പിടിച്ചെടുത്തു നശിപ്പിച്ചു. മാവൂർ ഗ്വാളിയർ റയൺസ് മേഖലയിലെ രണ്ട് സ്ഥാപനങ്ങളായ പുനത്തിൽ, പി യു എഗ്സ്റ്റോൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നല്ല മുട്ടകൾക്കൊപ്പം പൊട്ടിയതും ചീഞ്ഞതും പ്രാണികൾ ആക്രമിച്ചതുമായ മുട്ടകൾ ബേക്കറി നിർമാണ യൂണിറ്റുകൾക്ക് വില്പന നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയിൽ ഇത്തരം മുട്ടകൾ എസി സൗകര്യത്തിലും അല്ലാതെയും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. രണ്ട് സ്ഥാപനങ്ങൾക്കും കൂടി പ്രതിദിനം ഏകദേശം രണ്ടേമുക്കാൽ ലക്ഷം രൂപയുടെ വിറ്റുവരവുള്ളതായാണ് വിവരം.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വില്പന നടത്തുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടി സ്വീകരിക്കും. സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതോടൊപ്പം, ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം അഡ്ജുഡിക്കേഷൻ നടപടികളും ആരംഭിക്കും. സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുക എന്നത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുകയും സംഭരിക്കുകയും വില്പന നടത്തുകയും ചെയ്യുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും അധികൃതർ അറിയിച്ചു. ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ ഡോ. ജോസഫ് കുര്യാക്കോസ്, കുന്ദമംഗലം ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. അനു എ പി, എലത്തൂർ ഫുഡ് സേഫ്റ്റി ഓഫീസർ വിമൽ സി എ, അസിസ്റ്റന്റ് ബിജിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


