കൊയിലേരി: കുടുംബശ്രീ വയനാട് ജില്ലാ മിഷൻ്റെയും പനമരം സി.ഡി.എസ്സിൻ്റെയും ആഭിമുഖ്യത്തിൽ പണിയ സ്പെഷ്യൽ പ്രൊജക്റ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘ന്നാങ്ക ഒപ്പരം’ ബാലസഭ റസിഡൻഷ്യൽ ക്യാമ്പിൽ എക്സൈസ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ ‘ബാല്യം അമൂല്യം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

കൊയിലേരി താബോർ ഹിൽ റിവർവ്യൂ റിട്രീറ്റ് സെൻ്ററിൽ നടന്ന പരിപാടി പനമരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജഹാൻ കോവ ഉദ്ഘാടനം ചെയ്തു. പനമരം സി.ഡി.എസ് ചെയർപേഴ്സൺ ജാനകി ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാറിന് നേതൃത്വം നൽകി.

കുട്ടികളിൽ ലഹരിവിരുദ്ധ അവബോധം വളർത്തുന്നതിനും ബാല്യത്തിൻ്റെ മൂല്യം തിരിച്ചറിയുന്നതിനുമായി സംഘടിപ്പിച്ച സെമിനാറിൽ ആനിമേറ്റർ എൻ.രേഷ്മ സ്വാഗതം ആശംസിച്ചു.ആനിമേറ്റർ പി.വി.സീത,ബ്രിഡ്ജ് കോഴ്സ് അധ്യാപകരായ എൻ.ജലജ,നിഖില കുമാർ,പി.ആർ.രാഹുൽ, മറ്റ് ആനിമേറ്റർമാർ മുതലായവർ ആശംസകൾ നേർന്നു സംസാരിച്ചു.ചടങ്ങിന് നഞ്ചറമൂല ഉന്നതിയിലെ മുകുളം ബാലസഭാ അംഗം വി.അനന്യ നന്ദി രേഖപ്പെടുത്തി.



