Politics

സിദ്ധാര്‍ത്ഥിന്റെ ദുരൂഹമരണത്തിലെ സിബിഐ അന്വേഷണം വൈകിവന്ന വിവേകം; എംടി രമേഷ്


കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ദുരൂഹമരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട സംസ്ഥാനസര്‍ക്കാരിന്റെ നടപടി വൈകിവന്ന വിവേകമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി രമേശ്. തീരുമാനം നേരത്തെ ആകാമായിരുന്നു. എങ്കിലും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ത്ഥിന്റെ വധം സിബിഐ അന്വേഷണമാവശ്യപ്പെട്ടുളള സത്യഗ്രഹസമരത്തില്‍ സംസാരിക്കുകയായിരുന്നു എംടി.

കലാലയത്തിലെ സാമൂഹിക വിരുദ്ധപ്രവര്‍ത്തനത്തിന് ജില്ലയിലെ സിപിഎം നേതൃത്വത്തിന് പങ്കുണ്ട്. അതുകൊണ്ടാണ് സിബിഐ അന്വേഷണത്തെ ഭയക്കുന്നതെന്നും എംടി പറഞ്ഞു. സിദ്ധാര്‍ത്ഥിനെ ക്രൂരമായി പീഡിപ്പിച്ചുകൊലപ്പെടുത്തിയതാണെന്ന സഹപാഠിനിയുടെ വാക്കുകള്‍ വിസിയും ഡീനും അധ്യാപകരും മൂടിവച്ചു. സത്യം പുറത്തുവന്നില്ലെങ്കില്‍ ഒരുസാധാരണമരണമായി മാറുമെന്ന് അവര്‍ കരുതി.

സമാനമായ സംഭവം നേരത്തെയും കോളജില്‍ ഉണ്ടായിരുന്നു. ഹൈദരാബാദില്‍ ജാതി വിവേചനത്തിന് ഇരയായ രോഹിത് വെമൂലയുടെ മരണത്തില്‍ നീതി കിട്ടാന്‍ മാര്‍ച്ച് നടത്തിയ സിപിഎമ്മിന് എന്തുകൊണ്ട് മൗനമെന്നും അദ്ദേഹം ചോദിച്ചു.

പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമ്പോള്‍ സമ്മര്‍ദ്ധത്തിലാക്കാന്‍ മുന്‍ എംഎല്‍എ ശശീന്ദ്രന്‍ പോയത് സിപിഎമ്മിന്റെ പങ്കിന് തെളിവാണ്. കേവലം ആള്‍ക്കൂട്ട മര്‍ദ്ധനത്തിന്റെ മാത്രമല്ല, കലാലയം കേന്ദ്രീകരിച്ചു നടക്കുന്ന ദേശവിരുദ്ധ,രാജ്യദ്രോഹ, സാമൂഹികവിരുദ്ധപ്രവര്‍ത്തനത്തിന്റെ വിഷയമാണ്. എസ്എഫ്‌ഐ നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഉള്‍പ്പന്നങ്ങളാണ്. അവരുടെ ആയുധപരിശീലനം സിദ്ധിച്ചവരാണ്. ഈ ബന്ധം പുറത്തുവരുമെന്ന ഭീതിയാണ് സിപിഎമ്മിന്റെ ഇത്തരം നീക്കത്തിനു പിന്നില്‍. മറ്റുപലയിടത്തേക്കും ഓടിയെത്തുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ കാണാന്‍ പോകുന്നില്ല.

ക്രൂരമായ കൊലപാതകത്തെ അപലപിക്കുന്നില്ലെന്നും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പറയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെ മൗനം ഭയപ്പെടുത്തുന്നതാണ്. മൗനമവലംബിക്കുന്ന സാംസ്‌കാരിക നേതൃത്വം കേരളത്തിന്റെ ശാപമാണെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്‌ഐയുടെ ഭീകരത കേരളത്തില്‍ അവസാനിപ്പിക്കണം. പൂക്കോട് വെറ്ററിനറി കോളജ് എസ്എഫ്‌ഐ അനുകരിച്ചത് ആഗോളഭീകരവാദികളെയാണെന്നും അദ്ദേഹം പറഞ്ഞു. സത്യഗ്രഹം കുമ്മനംരാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.വി.കെ സജീവന്‍ അധ്യക്ഷത വഹിച്ചു.


Reporter
the authorReporter

Leave a Reply