തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി വികസനം ഉറപ്പാക്കുന്ന സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ സംസ്ഥാന സര്‍ക്കാരും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ ഓഫിസില്‍ വച്ചാണ് കരാറില്‍ ഒപ്പിട്ടത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് 2034 മുതല്‍ വരുമാന വിഹിതം ലഭിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. 2045ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും പുതിയ കരാര്‍ പ്രകാരം 2028 നുള്ളില്‍ പൂര്‍ത്തീകരിക്കും.
ഇതിലൂടെ ആദ്യ കരാര്‍ അനുസരിച്ച് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലാഭവിഹിതമായി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മുന്‍ കരാര്‍ പ്രകാരം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം 15ാംവര്‍ഷം മുതലാണ് സംസ്ഥാന സര്‍ക്കാരിന് വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. വിവിധ കാരണങ്ങളാല്‍ പദ്ധതി പൂര്‍ത്തീകരണം വൈകിയ സാഹചര്യത്തില്‍ വരുമാന വിഹിതം 2039 മുതല്‍ മാത്രം അദാനി ഗ്രൂപ്പ് നല്‍കിയാല്‍ മതിയായിരുന്നു.
എന്നാല്‍, ഇപ്പോഴത്തെ ധാരണ പ്രകാരം 2034 മുതല്‍ തന്നെ തുറമുഖത്തില്‍ നിന്ന് വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിന് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. പഴയകരാര്‍ പ്രകാരം 408.90 കോടി രൂപയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വി.ജി.എഫ് വിഹിതമായി അദാനി കമ്പനിക്ക് നിര്‍മാണ വേളയില്‍ നല്‍കേണ്ടിയിരുന്നത്. പുതിയ ധാരണയുടെ അടിസ്ഥാനത്തില്‍ ഈ തുക 365.10 കോടി രൂപയായി കുറച്ചു. 43.80 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ഇതിലൂടെ കുറവ് ലഭിച്ചു. കമ്പനിക്ക് നല്‍കേണ്ട 365.10 കോടി രൂപയില്‍, 189.90 കോടി രൂപ മാത്രം ഇപ്പോള്‍ നല്‍കിയാല്‍ മതി.
ബാക്കിയുള്ള 175.20 കോടി രൂപ, തുറമുഖത്തിന്റെ എല്ലാഘട്ടങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് നല്‍കിയാല്‍ മതിയെന്നും തീരുമാനമായി. തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി പ്രതീക്ഷിക്കുന്ന 10,000 കോടി രൂപയുടെ ചെലവ് പൂര്‍ണ്ണമായും അദാനി വഹിക്കും. 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമ്പോള്‍ നിര്‍മാണ സാമഗ്രികള്‍ക്കുമേല്‍ ലഭിക്കുന്ന നികുതി വരുമാനം സര്‍ക്കാരിന് ലഭിക്കും.
ഇതില്‍നിന്ന് അദാനി കമ്പനിക്കു 2028ല്‍ തിരികെ നല്‍കേണ്ട 175.20 കോടി രൂപ കണ്ടെത്താന്‍ സര്‍ക്കാരിന് സാധിക്കും. ഭൂമി സമയബന്ധിതമായി ഏറ്റെടുത്തു നൽകാൻ കഴിയാത്തതിനാൽ 30 കോടി രൂപയോളം നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ അദാനി കമ്പനിക്ക് നല്‍കണമെന്നതും പുതിയ കരാറില്‍ ഒഴിവാക്കി. ആര്‍ബിട്രേഷന്‍ നടപടികള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ചെലവഴിക്കേണ്ടി വരുമായിരുന്ന തുകയും ലാഭിക്കാനാകും.
വിഴിഞ്ഞം പദ്ധതിയുടെ സാധ്യതാ പഠന റിപ്പോര്‍ട്ട് അനുസരിച്ച് 40 വര്‍ഷ കരാര്‍ കാലയളവില്‍ ഏകദേശം 54,750 കോടി രൂപ മൊത്ത വരുമാനമുണ്ടാക്കും. അതില്‍ ഏകദേശം 6,300 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ലഭിക്കും. എന്നാല്‍ 2028 ഡിസംബറോടെ ശേഷി വര്‍ധിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ മൊത്തവരുമാനം 54,750 കോടി രൂപയില്‍ നിന്ന് 21,5000 കോടി രൂപയാകും. വരുമാന വിഹിതം 6300 കോടി രൂപയില്‍ നിന്ന് 35000 കോടി രൂപയായി വര്‍ധിക്കും. ശേഷി വര്‍ധന മൂലം വരുമാന വിഹിത ഇനത്തിലും ജി.എസ്.ടി ഇനത്തിലും ഏകദേശം 48,000 കോടി രൂപ സര്‍ക്കാരിന് അധികമായി ലഭിക്കും.