കോഴിക്കോട്:15 -17 പ്രായപരിധിയിലുള്ളവരടെ കോവിഡ് വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘എജ്യൂഗാർഡ്’ പരിപാടിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി.
ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.15 -17 പ്രായപരിധിയിലുള്ള 1.43 ലക്ഷത്തോളം പേർ ജില്ലയിലുണ്ട്.ഇതിൽ 55,040 പേർക്ക് ഇതിനകം കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിക്കഴിഞ്ഞു. ശേഷിക്കുന്നവർക്ക് കൂടി വാക്സിനേഷൻ എടുക്കാൻ സ്കൂളുകളിൽ തന്നെ സൗകര്യമൊരുക്കി ഈ വിഭാഗക്കാരുടെ ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ജനുവരി 20, 21, 22 തിയ്യതികളിലായി നടക്കുന്ന പരിപാടി പ്രയോജനപ്പെടുത്തി എല്ലാ കുട്ടികളും വാക്സിനെടുക്കണമെന്നും കുട്ടികൾ വാക്സിനെടുത്തു എന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും ഡിഎംഒ അറിയിച്ചു.