Latest

ദേശീയപാതയിൽ മൂന്ന് കിലോമീറ്ററോളം വൺവേ തെറ്റിച്ച് അപകടകരമാംവിധം ബസോടിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

Nano News

കോഴിക്കോട്: ദേശീയപാതയിൽ മൂന്ന് കിലോമീറ്ററോളം വൺവേ തെറ്റിച്ച് അപകടകരമാംവിധം ബസോടിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് കെ എസ് ആർ ടി സിയോട് വിവരങ്ങൾ തേടി. നിയമം ലംഘിച്ച ബസിന്റെ ഫോട്ടോയും സമയവും ഉൾപ്പെടെ പരാമർശിച്ചാണ് വിവരങ്ങൾ തേടിയത്. ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ ടി ഒ അറിയിച്ചു. കഴിഞ്ഞ നാലാം തീയിത് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസാണ് ട്രാഫിക് നിയമങ്ങൾ തെറ്റിച്ചും മറ്റ് വാഹനങ്ങൾ അപകടരമാംവിധത്തിലും ദേശീയപാതയിലൂടെ കടന്നുപോയത്. തൊണ്ടയാട് നിന്നും ദേശീയപാത ബൈപ്പാസിലേക്ക് കയറിയ ബസ് ടോൾ പ്ലാസയിൽ എത്തിയപ്പോൾ ഫാസ്ടാഗിൽ ആവശ്യത്തിന് ബാലൻസില്ലെന്ന് വ്യക്തമായതിനെ തുടർന്ന് അവടെ നിന്ന് തിരിച്ച് അതേ ട്രാക്കിലൂടെ തന്നെ തിരികെപ്പോവുകയായിരുന്നു. റോഡിലെ സ്പീഡ് ട്രാക്കിലൂടെയാണ് ബസ് വൺവേ തെറ്റിച്ച് മൂന്നു കിലോമീറ്ററോളം ഓടിയത്. എതിരെ വന്ന മറ്റു വാഹനങ്ങളിലുള്ളവർ പ്രതിഷേധിച്ചതോടെ സ്ലോ ട്രാക്കിലേക്ക് മാറുകയായിരുന്നു. തുടർന്ന് കോഴിക്കോട് കിച്ചന്റെ സമീപത്തുള്ള എക്സിറ്റിൽ വെച്ച് സർവീസ് റോഡിലേക്ക് പ്രവേശിച്ച് ബസ് യാത്ര തുടരുകയായിരുന്നു. സർവീസ് റോഡിലേക്ക് കയറുന്നതിനിടെ ഗതാഗതക്കുരുക്കുണ്ടാക്കുന്നതും തെറ്റായ ദിശയിലൂടെ സഞ്ചരിക്കുന്നതിന്റെയും സിസി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേ സമയം ഫാസ്ടാഗിൽ മിനിമം ബാലൻസ് എപ്പോഴു ഉണ്ടാകാറുണ്ടെന്നാണ് കെ എസ് ആർ ടി സി അധികൃതർ പറയുന്നത്. സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് കെ എസ് ആർ ടി സിയും പരിശോധിച്ചുവരികയാണ്. ഫാസ്ടാഗിൽ പണമില്ലാത്തതിനാൽ ഡ്രൈവർ യുപിഐ വഴി പണമടച്ചാൽ തുക റീ ഇംബേഴ്സ് ചെയ്യാൻ വകുപ്പിലാത്തതാണ് ഇങ്ങനെ തെറ്റായ ദിശയിലൂടെ വണ്ടിയോടിക്കാൻ ഡ്രൈവറെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. കെഎസ്ആർടിസിയ്ക്ക് ഒരു വശത്തേക്ക് 445 രൂപയാണ് ഫാസ്ടാഗിൽ ഈടാക്കുന്നത്. യുപിഐ വഴി അടക്കുകയാണെങ്കിൽ 556.25 രൂപ നൽകേണ്ടി വരും.


Reporter
the authorReporter

Leave a Reply