Friday, May 17, 2024
sports

ഐപിഎൽ 2024 സീസൺ ഇന്ന് ആരംഭിക്കും, ചെന്നൈ – ബംഗളുരു ഉദ്‌ഘാടന മത്സരം


ക്രിക്കറ്റ് ആവേശത്തെ വാനോളമുയർത്താൻ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ഇന്ന് ആരംഭിക്കും. 17-ാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരും (ആർസിബി) ഏറ്റുമുട്ടും. പതിവുപോലെ രാത്രി എട്ട് മണിക്കാണ് ഉദ്ഘാടന മത്സരം നടക്കുക. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയമാണ് ഐപിഎൽ 2024 പൂരത്തിന്റെ തുടക്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഐപിഎല്ലിലെ സ്റ്റാർ ടീമുകൾ ആദ്യമത്സരത്തിൽ നേരിട്ട് ഏറ്റുമുട്ടുമ്പോൾ സ്റ്റേഡിയം മഞ്ഞയും ചുവപ്പും നിറത്തിൽ പൂത്തുലയും.

ഇനി രണ്ട് മാസക്കാലം ഇന്ത്യൻ ക്രിക്കറ്റിന്റെ ഉത്സവദിനങ്ങളാകും. അതേസമയം, ധോണി – കോഹ്‌ലി – രോഹിത് ത്രയത്തിന്റെ അവസാന സീസൺകൂടി ആയേക്കും. ഉദ്ഘാടന മത്സരത്തിൻ്റെ തലേന്ന് രാത്രി, എംഎസ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി സിഎസ്‌കെ പ്രഖ്യാപിച്ചിരുന്നു. ബംഗളൂരുവുവിന്റെ തലപ്പത്തു നിന്ന് കോഹ്‌ലിയും മുംബൈയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിതും പടിയിറങ്ങിയതും ഈ സീസണിലെ കാഴ്ചയാണ്.

ധോണി പടിയിറങ്ങിയതിന് പിന്നാലെ, ചെന്നൈയുടെ നായകനായുള്ള ആദ്യ മത്സരത്തിന് റുതുരാജ് ഗെയ്ക്ക്‌വാദ് കളത്തിലിറങ്ങും. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും സ്ഥിരതയുള്ള ടീമാണ് ചെന്നൈ. പതിവ് പോലെ ഉദ്ഘാടനം മുതൽ കലാശപ്പോരു വരെ ആവേശപ്പോര് നടത്താനാകും ചെന്നൈ ഈ സീസണിലും കളത്തിലിറങ്ങുക. രച്ചിൻ രവീന്ദ്രയും ഡാരൽ മിച്ചലും അജിൻക്യ രഹാനയും ഗെയ്ക്ക്‌വാദിന് കരുത്ത് പകരും. ദീപക് ചാഹറും ഷർദൂൽ താക്കുറും ബോളിങ് മികവ് പുറത്തെടുക്കും. രവീന്ദ്ര ജഡേജ, മിച്ചൽ സാന്റർ, മൊയീൻ അലി എന്നിവരെ ഏത് അവസരത്തിലും ഉപയോ​ഗപ്പെടുത്താം. എല്ലാത്തിലും മേലെ ചെന്നൈയുടെ സ്വന്തം ‘തല’ സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണിയുടെ ഇതിഹാസക്കരുത്ത് ചെന്നൈയുടെ ഏറ്റവും വലിയ നേട്ടമാണ്.

സ്മൃതി മന്ദാനയുടെ നേതൃത്വത്തിൽ ഈ സീസണിൽ WPL കിരീടം നേടിയ അവരുടെ വനിതാ ടീമിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാകും ആർസിബി ഇന്ന് കളത്തിലിറങ്ങുക. ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് (സി), വിരാട് കോഹ്‌ലി, കാമറൂൺ ഗ്രീൻ, രജത് പതിദാർ, ഗ്ലെൻ മാക്‌സ്‌വെൽ, സുയാഷ് പ്രഭുദേശായി, മഹിപാൽ ലോംറോർ, ദിനേഷ് കാർത്തിക് (ഡബ്ല്യുകെ), മായങ്ക് ദാഗർ, അൽസാരി ജോസഫ്, മുഹമ്മദ് സിറാജ് എന്നിവരാകും ആദ്യമത്സരത്തിൽ ആർസിബിക്ക് വേണ്ടി കളംനിറയുക.

ആർസിബിയും സിഎസ്‌കെയും 31 തവണ ക്രിക്കറ്റ് ഫീൽഡിൽ നേരിട്ട് ഏറ്റുമുട്ടിയിട്ടുണ്ട്. ഇരുടീമുകളും തമ്മിൽ കളിച്ച 31 മത്സരങ്ങളിൽ 20 വിജയങ്ങളുമായി ചെന്നൈയാണ് മുന്നിൽ. അവസാനമായി ഈ ടീമുകൾ ഏറ്റുമുട്ടിയ 2023 ഐപിഎൽ ചെപ്പോക്കിൽ ചെന്നൈ 8 വിക്കറ്റിന് വിജയിച്ചു.


Reporter
the authorReporter

Leave a Reply