പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനെ പിടികൂടുന്നതിനായി ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കും. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നോട്ടിസ് പുറത്തിറക്കുന്നത്. രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന നിൽക്കുന്നതിനിടെയാണ് ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കുന്നത്. സിറ്റി പൊലിസ് കമ്മിഷണർ ക്രൈംബ്രാഞ്ച് മുഖേന സിബിഐയിലേക്ക് ഇന്റർപോൾ സഹായം തേടാനുള്ള നടപടികൾ പുരോഗമിക്കുന്നതായും റിപ്പോർട്ടുണ്ട്.
എന്നാൽ, രാഹുൽ വിദേശത്ത് പോയിട്ടില്ലായെന്നാണ് ബന്ധുക്കൾ പറയുന്നത്. രാഹുലിന്റെ മൊബൈൽ സിഗ്നൽ കർണാടകത്തിൽ നിന്ന് കിട്ടിയിരുന്നു. ഇവിടെ നിന്ന് ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കൂടി പൊലിസ് കണക്കിലെടുക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടകത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. രാഹുലിന്റെ ബന്ധുക്കളിൽ നിന്ന് ഇന്ന് തന്നെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ഇന്നലെ മൊഴിയെടുക്കാൻ അന്വേഷണ സംഘം വീട്ടിലെത്തിയിരുന്നെങ്കിലും വീട് പൂട്ടിയിരുന്നതിനാൽ മടങ്ങുകയായിരുന്നു.
അതേസമയം, രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നോട്ടിസ് പൊലിസ് നൽകിയിട്ടുണ്ട്. കൂടാതെ ഇന്റർപോൾ മുഖേന ജർമനിയിൽ ഉപയോഗിക്കുന്ന എൻആർഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളിലേക്ക് പൊലിസ് കടക്കും.
ഈ മാസം 12 നായിരുന്നു മർദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനിൽ എത്തിയത്. പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ സ്ത്രീധനത്തിൻറെ പേരിൽ ക്രൂരമായ പീഡനം നേരിട്ടെന്നായിരുന്നു പറവൂർ സ്വദേശിയായ നവവധുവിൻറെ വെളിപ്പെടുത്തൽ. കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ഭർത്താവ് രാഹുൽ ശ്രമിച്ചെന്നും ലഹരിയിലായിരുന്ന രാഹുൽ ഒരു രാത്രി മുഴുവൻ അടച്ചിട്ട മുറിയിൽ മർദ്ദിച്ചെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാൻ പൊലിസ് വൈകിയത് വ്യാപക വിമർശങ്ങൾക്ക് കാരണമായിരുന്നു.