Saturday, January 25, 2025
General

ഓട്ടോ ഡ്രൈവറെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുത്തിപ്പരുക്കേല്‍പ്പിച്ച ഗൃഹനാഥന്‍ തൂങ്ങി മരിച്ചു


കോട്ടയം: ഓട്ടോ ഡ്രൈവറെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുത്തിപ്പരുക്കേല്‍പിച്ച ശേഷം ഗൃഹനാഥന്‍ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചു. കോട്ടയം അറുനൂറ്റിമംഗലത്ത് മുള്ളം മടയ്ക്കല്‍ വീട്ടില്‍ ഷിബു ലൂക്കോസാണ് തൂങ്ങി മരിച്ചത്. അറുനൂറ്റിമംഗലം സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ കെ.എസ് പുരം വടക്കേ കണ്ണങ്കരയത്ത് വി.എസ് പ്രഭാതിനിക്കാണ് കുത്തേറ്റത്. ഓട്ടം പോകണം എന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവറെ ഷിബു ലൂക്കോസ് വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ഓട്ടം പോകണമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം ടാപ്പിങ് കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കുത്തേറ്റ പ്രഭാത് ഓട്ടോ ഓടിച്ച് അറുനൂറ്റിമംഗലം സെന്റ് തോമസ് പള്ളിക്കു സമീപം വരെ എത്തിയെങ്കിലും നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിലിടിച്ചു നിന്നു. അവശനിലയില്‍ ഓട്ടോയില്‍ കിടന്ന പ്രഭാതിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

പ്രഭാതിനെ കുത്തിയ ശേഷം ഷിബു വീടിനുള്ളില്‍ കിടപ്പു മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളൂര്‍ പൊലീസ് സ്ഥലത്ത് എത്തി ഷിബുവിനെ മുട്ടുചിറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കുടുംബ പ്രശ്‌നമാണ് സംഭവത്തിനു പിന്നിലെന്ന് വെള്ളൂര്‍ പൊലീസ് അറിയിച്ചു.
മൃതദേഹം മുട്ടുചിറ എച്ച.്ജി.എം ആശുപത്രി മോര്‍ച്ചറിയില്‍.


Reporter
the authorReporter

Leave a Reply