കോഴിക്കോട്: ഇടതുവലതു മുന്നണികളെ വിജയിപ്പിക്കാന്‍ സംസ്ഥാനത്ത് തീവ്രവാദസംഘടനകളുടെ കണ്‍സോര്‍ഷ്യം രൂപം കൊണ്ടതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരംകരീമിനും വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനുമാണ് പിന്തുണ.
മറ്റ് 18 മണ്ഡലങ്ങളിലും ഈ സഖ്യം നിലവില്‍ വരാന്‍ പോകുന്നു. തൃശൂരിലേക്ക് മുരളീധരനെ മാറ്റിയത് തീവ്രവാദസംഘടനകളുടെ നിര്‍ദ്ദേശമനുസരിച്ചാണെന്നും മുരളീധരന്‍ തീവ്രവാദ സംഘടനയുടെ സ്‌പോണ്‍സേര്‍ഡ് സ്ഥാനാര്‍ത്ഥിയെന്നും കൃഷ്ണദാസ് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, പിഎഫ്‌ഐ സംഘടനകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് സംസ്ഥാനത്ത് നിലവില്‍ വന്നത്. മതതീവ്രവാദസംഘടനകളുമായാണ് ഇടതുവലതു മുന്നണികള്‍ രാഷ്ട്രീയ സഖ്യം ഉണ്ടാക്കുന്നത്. തൃശൂരിലെയും വടകരയിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥിമാറ്റം യാദൃശ്ചികമല്ലെന്നും അതിനു പിന്നില്‍ ഈ സംഘടനയുമായുള്ള ചര്‍ച്ചയും ധാരണയുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇരുമുന്നണികളും സിഎഎ, പുല്‍വാമ വിഷയത്തില്‍ തീവ്രവാദ നിലപാട് സ്വീകരിച്ചതിനു പിന്നില്‍ ഈ സഖ്യവുമായുളള ധാരണയുണ്ട്. സമൂഹത്തില്‍ മതപരമായ ഭിന്നതയുണ്ടാക്കാന്‍ ഇരുമുന്നണികളും മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘടനകളുടെ അജണ്ട നടപ്പാക്കുകയാണ് ഇരുമുന്നണികളും ചെയ്യുന്നത്. ഹൈന്ദവ ക്രൈസ്തവ സമൂഹത്തിന് പൗരത്വം നല്‍കുന്നതില്‍ എന്തിനാണ് കോണ്‍ഗ്രസും സിപിഎമ്മും വെപ്രാളം കാണിക്കുന്നത്. ഒരുഭാഗത്ത് ഹൈന്ദവ ക്രൈസ്തവ അവഗണനയും മറുഭാഗത്ത് മുസ്ലീംസമൂഹത്തില്‍ ഭയാശങ്കകള്‍ ജനിപ്പിച്ച് മതസ്പര്‍ദ്ധ ജനിപ്പിക്കുകയുമാണ്. ഇത് ദൂരവ്യാപക ഭവിഷ്യത്തിന് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സ ജീവൻ, എൻ.ഡി.എ.കൺവീനർ ഗിരി പാമ്പനാർ, സന്തോഷ് കാളിയത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.