കോഴിക്കോട്: സാമ്പത്തിക ഞെരുക്കത്തിലുള്ള കേരളീയ സമൂഹത്തെ ഓണാഘോഷത്തിന്റെ പടിവാതില്‍ക്കല്‍ അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ വയറ്റത്തടിക്കുകയാണെന്ന് മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. സപ്ലൈക്കോയില്‍ അരിക്കും പരിപ്പിനും പഞ്ചസാരക്കുമെല്ലാം വിലവര്‍ധിപ്പിക്കുന്നത് പൊതു വിപണിയിലും വിലക്കയറ്റം സൃഷ്ടിച്ച് ജനത്തിന്റെ നട്ടെല്ലൊടിക്കും.
സര്‍ക്കാറിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും നിയന്ത്രിച്ച് അവശ്യസാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കി ആശ്വാസം പകരേണ്ട സര്‍ക്കാര്‍ ദേശീയ ആഘോഷത്തിന്റെ അവസരം മുതലെടുത്ത് കൊള്ളക്കിറങ്ങിയത് പ്രതിഷേധാര്‍ഹമാണ്.
സപ്ലൈക്കോയില്‍ ജനത്തിന് വേണ്ട ഒന്നും ലഭിക്കാനില്ലാത്ത സാഹചര്യമാണുള്ളത്. ഇല്ലാത്ത സാധനത്തിന്റെ വില വര്‍ധിപ്പിക്കുന്നതോടെ പൊതു വിപണിയെ ആശ്രയിക്കുന്നവര്‍ക്ക് ഇരട്ട പ്രഹരമാണുണ്ടാകുക.കുറുവ, മട്ട, പച്ചരി വിലകള്‍ വര്‍ധിപ്പിച്ചതിന് പുറമെ തുവര പരിപ്പിന്റെയും പഞ്ചസാരയുടെയും വിലയും കുത്തനെ കൂട്ടുകയായിരുന്നു. പഞ്ചസാരക്ക് കിലോക്ക് ആറു രൂപയുടെ വര്‍ധന ഒറ്റയടിക്ക് വരുത്തിയത് ചരിത്രത്തിലില്ലാത്തതാണ്.
സര്‍ക്കാര്‍ സപ്ലൈക്കോക്ക് വിപണി ഇടപെടലിന് 225 കോടി അനുവദിച്ചതില്‍ 150 കോടിയും കൈമാറിയെന്ന് പറയുമ്പോള്‍ അതിന്റെ ഗുണം ജനങ്ങളിലെത്തുന്നില്ല. ആവശ്യമായ സബ്‌സിഡി നല്‍കി സപ്ലൈക്കോയിലെ വില വര്‍ധന പിന്‍വലിക്കാനും പൊതു വിപണിയില്‍ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും അവസാനിപ്പിച്ച് വിലക്കയറ്റം നിയന്ത്രിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു.