General

കുതിച്ചുയർന്ന് പച്ചക്കറി വില; സെഞ്ച്വറി കടന്ന് തക്കാളി


സംസ്ഥാനത്ത് പച്ചക്കറിവില വീണ്ടും കുതിച്ചുയരുന്നു. തക്കാളിവില വീണ്ടും സെഞ്ച്വറി കടന്നു. മഴകൂടിയതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിയുമായി എത്തുന്ന ലോഡ് കുറഞ്ഞിട്ടുണ്ട്. ഇതാണ് വില വര്‍ധിക്കാന്‍ കാരണം. കോഴിക്കോട് ജില്ലയില്‍ 82 ആണ് തക്കാളിയുടെ വില. മുന്‍പന്തിയില്‍ തുടരുന്നത് ഇഞ്ചിയുടെ നിരക്ക് തന്നെയാണ്. 240 രൂപയാണ് എറണാകുളത്ത് നിരക്ക്.

25 രൂപയുണ്ടായിരുന്ന വഴുതനങ്ങയുടെ വില 40 ലെത്തി. 15 രൂപയായിരുന്ന പടവലത്തിന്റെ വില 25 ആയി ഉയര്‍ന്നു. 40 രൂപ ആയിരുന്ന കടച്ചക്കയുടെ വില 60 ലെത്തി. വെണ്ടയുടെ വില 25 ല്‍ നിന്നും 45 രൂപയിലെത്തി. 30 രൂപ വിലയുണ്ടായിരുന്ന പയര്‍ വില 80 രൂപ വരെയെത്തി.

പച്ചക്കറികള്‍ക്കും പലച്ചരക്ക് സാധനങ്ങള്‍ക്കും ഇറച്ചിക്കും മീനിനും വില ഉയര്‍ന്നത് സാധാരണക്കാരെ പ്രയാസത്തിലാക്കുന്നുണ്ട്. ഇറച്ചി കോഴി വില കുറഞ്ഞതാണ് ഏക ആശ്വാസം. കിലോക്ക് 380 വരെ എത്തിയ കോഴിയിറച്ചിക്ക് 240 രൂപയായി കുറഞ്ഞു. ബീഫിന് 420ഉം ആടിന് 800ആയി വില കൂടി. ട്രോളിങ് നിരോധനം കൂടി വന്നതോടെ മീന്‍ വിലയും റോക്കറ്റ് വേഗത്തിലാണ്. സാധാരണക്കാരുടെ പ്രിയ മീന്‍ മത്തിക്ക് 350-400 വരെയായി. അയലക്ക് 340, അയക്കൂറ 1300 ആയി ഉയര്‍ന്നു. മീന്‍ കുറവായത് കാരണം ഉണക്കമീന്‍ വിലയും ഉയരുകയാണ്.

സാധനങ്ങള്‍ക്ക് വില ഉയര്‍ന്നതോടെ പലരും വീടുകളില്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നത് കുറച്ചു. പകരം ഓര്‍ഡര്‍ ചെയ്യുകയാണ്. പണം കൃത്യമായി നല്‍കിയാല്‍ ഭക്ഷണം ആവശ്യ സമയത്ത് കയ്യിലെത്തും. അതിരാവിലെ മുതല്‍ അടുക്കളയില്‍ കയറേണ്ട കാര്യവുമില്ല. എന്നാല്‍ സാധനങ്ങള്‍ക്ക് വില ഉയര്‍ന്നത് ഹോട്ടലുകളേയും കാറ്ററിങ് ക്കാരേയും പ്രയാസത്തിലാക്കുകയാണ്.


Reporter
the authorReporter

Leave a Reply