കോഴിക്കോട്: ജീവിതത്തിലെ വലിയൊരു സ്വപ്നത്തിന് പിന്നാലെയുള്ള യാത്രയിലാണ് കോഴിക്കോട് സ്വദേശിയായ സ്നേഹജ്. സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഠിന പരിശ്രമം നടത്തുമ്പോൾ ആശങ്കയും ഈ യുവാവിനെ പിന്തുടരുന്നുണ്ട്. റൊമാനിയയിൽ നടക്കുന്ന ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരമാണ് സ്നേഹജിന് ലഭിച്ചത്. എന്നാൽ ഇതിന് വേണ്ടിവരുന്ന ചെലവ് സ്നേഹജിന്റെ കുടുംബത്തിന് താങ്ങാനാവുന്നതല്ല. അതുകൊണ്ട് തന്നെ കൈയ്യെത്തും ദൂരത്ത് തന്റെ സ്വപ്നങ്ങൾ തകർന്നു വീഴുമോ എന്ന ഭയമാണ് ഈ യുവാവിന്.
നവംബർ പത്ത് മുതൽ പതിനാറ് വരെ റൊമാനിയയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ നാല് ലക്ഷത്തോളം രൂപ ചെലവ് വരും. പെരുമ്പാവൂരിൽ ട്രാവൻ ആന്റ് ടൂറിസം കോഴ്സിന് പഠിക്കുന്ന സ്നേഹജിന് ഇത്ര വലിയൊരു തുക കണ്ടെത്താനുള്ള വഴിയില്ല. പിതാവ് സുരേഷ് കണ്ണഞ്ചേരിയിൽ ചെറിയൊരു ചായക്കട നടത്തിയാണ് കുടുംബം പുലർത്തുന്നത്. മകന്റെ സ്വപ്നങ്ങൾക്ക് മുമ്പിൽ സുരേഷും മാതാവ് പ്രസീദയും എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. കർണാടകയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിക്കൊണ്ടാണ് ലോക ചാമ്പ്യൻഷിപ്പിലേക്ക് കോഴിക്കോട് കണ്ണഞ്ചേരി സ്വദേശിയായ സ്നേഹജിന് അവസരം ലഭിച്ചത്. പവർ ലിഫ്റ്റിംഗ് സീനിയർ 74 കിലോഗ്രാം വിഭാഗത്തിലാണ് സ്നേഹജ് മത്സരിക്കുന്നത്. അഞ്ച് വർഷത്തോളമായി സ്നേഹജ് പവർ ലിഫ്റ്റിംഗ് പരിശീലനം തുടങ്ങിയിട്ട്. ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാൻ തുടങ്ങിയത് സമീപകാലത്താണ്. തുടക്കം തന്നെ മികവ് പുലർത്തി ദേശീയ ചാമ്പ്യൻഷിപ്പിൽ സ്നേഹജ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. കേരളത്തിൽ നിന്ന് രണ്ടു പേർക്ക് മാത്രമാണ് ലോക ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ ലഭിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ അവസരമാണ് തന്റെ മുന്നിൽ തുറന്നു വന്നിരിക്കുന്നത്. എന്നാൽ പണമില്ലാത്തതിന്റെ പേരിൽ അത് നഷ്ടപ്പെട്ടുപോകുമോ എന്നാണ് താനിപ്പോൾ ഭയപ്പെടുന്നത്- സ്നേഹജ് പറഞ്ഞു.
കോഴിക്കോട് മൂന്നാലിങ്കലിലെ പവർ ഫിറ്റ് നെസ് സെന്ററിലാണ് സ്നേഹജിന്റെ പരിശീലനം. തിരുവനന്തപുരം സ്വദേശി ആസിഫിന്റെ കീഴിലാണ് പരിശീലനം. ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സഹായിക്കാൻ ഒരു സ്പോൺസറെ തേടുകയാണ് സ്നേഹജ്. പവർ ലിഫ്റ്റിങ് അസോസിയേഷനോ സർക്കാറോ തന്നെ സഹായിക്കാനെത്തുമെന്നും ഈ യുവാവ് പ്രതീക്ഷിക്കുന്നു.