മഴക്കാല രോഗങ്ങൾക്കെതിരെ ശക്തമായ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഡെങ്കിപ്പനിയും എലിപ്പനിയും സൂക്ഷിച്ചില്ലെങ്കിൽ കൂടുതൽ പടരാൻ സാധ്യതയുണ്ട്. പനിയുള്ളവർ സ്വയം ചികിത്സ ഒഴിവാക്കണം. ഉറവിട നശീകരണമാണ് പ്രധാനപ്രതിരോധ മാർഗം. ഡെങ്കിപ്പനിക്കെതിരെയും എലിപ്പനിക്കെതിരെയും പ്രതിരോധം ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു.മഴക്കാലവും പകര്‍ച്ചവ്യാധികൾക്കുള്ള സാധ്യതയും കണക്കിലെടുത്ത് ഉറവിട മാലിന്യ നശീകരണം തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. ആരും പനിക്ക് സ്വയം ചികിത്സ നടത്താൻ ശ്രമിക്കരുതെന്നും കടുത്ത പനി വരികയോ പനി മാറാതെ തുടരുകയോ ചെയ്താൽ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. വരുന്ന നാലു മാസം സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടാൻ സാധ്യതയുണ്ട്. പനിയില്ലാതെ ദേഹ വേദനയുമായി വരുന്ന പലർക്കും പരിശോധനയിൽ എലിപ്പനി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.എല്ലാ സർക്കാർ ആശുപത്രികളിലും പ്രത്യക ചികിത്സ കേന്ദ്രങ്ങൾ വേണം. മണ്ണുമായും ജലവുമായും ബന്ധപ്പെട് ജോലി ചെയ്യുന്നവർ പ്രതിരോധ മരുന്ന് കഴിക്കണം. വീട്ടിനുള്ളിൽ കൊതുക് വളരാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.