തിരുവനന്തപുരം: തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കുന്ന യൂണിക് തണ്ടപ്പേർ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഓൺലൈനായി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചത്. ആദ്യ യുണീക് തണ്ടപ്പേർ രസീത് ഗതാഗത മന്ത്രി ആന്റ്ണി രാജുവിന് കൈമാറി. ആധാറുമായി തണ്ടപ്പേര് ബന്ധിപ്പിക്കുന്നത് വഴി ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടോ അതെല്ലാം ഒരു തണ്ടപ്പേരിലാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. മതിയായ രേഖകൾ ഇല്ലാത്തതിനാൽ ഭൂമിയുടെ കൈവശാവകാശ രേഖകൾ കിട്ടാൻ കാലതാമസം നേരിടുന്നത് പരിഹരിക്കാനാകും. കർഷകർക്ക് സബ്‍സിഡി കിട്ടാനുള്ള തടസ്സവും ഭൂമിയുടെ ഉപയോഗവും ക്രയവിക്രയവുമായി ബന്ധപ്പെട്ടുമുള്ള തടസ്സങ്ങളും ഇതോടെ നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നുണ്ടെങ്കിൽ കണ്ടെത്താനും ഇതിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഓൺലൈനായോ വില്ലേജ് ഓഫീസിൽ നേരിട്ട് എത്തിയോ തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കാനാകും. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിൽ എത്തുന്ന ഒടിപി മുഖേന ഈ സേവനം ഓൺലൈനായി ചെയ്യാം. വില്ലേജ് ഓഫീസിൽ നേരിട്ട് എത്തിയാൽ ഒടിപി ഉപയോഗിച്ചോ ബയോമെട്രിക് സംവിധാനത്തിൽ വിരലടയാളം പതിപ്പിച്ചോ ഇത് ചെയ്യാം. ആധാറുമായി തണ്ടപ്പേരിനെ ബന്ധിപ്പിച്ചാൽ ഒരു ഭൂവുടമയുടെ കൈവശം സംസ്ഥാനത്തെ ഏത് വില്ലേജിലും ഉള്ള ഭൂമിയുടെ വിവരങ്ങൾ ഒറ്റ തണ്ടപ്പേരിന് കീഴിലാകും. ഇതോടെ ബെനാമി ഭൂമിയിടപാടുകൾക്കും വലിയ രീതിയിൽ തടയിടാനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പദ്ധതിയുടെ പ്രയോജനങ്ങൾ ഇവയൊക്കെ
* പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നത് കണ്ടെത്താം
* ഭൂരേഖകളിൽ കൃത്യതതയും സുരക്ഷിതത്വവും ഉറപ്പാക്കാം
* ക്രയവിക്രയവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങും
* വിള ഇൻഷുറൻസും കാർഷിക സബ്‍സിഡിയും കിട്ടാനുള്ള കാലതമാസം നീങ്ങും
* ബെനാമി ഇടപാടുകൾ നിയന്ത്രിക്കാനാകും
* ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തടയാനാകും
* ഭൂമി സംബന്ധമായ വിവരങ്ങളും നികുതി രസീതിയും ഡിജിലോക്കറിൽ ലഭ്യമാകും
* മിച്ചഭൂമി കണ്ടെത്താനും പതിച്ച് നൽകാനുമാകും