Tuesday, October 15, 2024
HealthLatest

15മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ മേയ്ത്രയില്‍ 46കാരിക്ക് വിജയകരമായി കരള്‍ മാറ്റിവച്ചു


കോഴിക്കോട്:  ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഏകമാര്‍ഗ്ഗമെന്ന നിലയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്ക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ 46 കാരിക്ക് ലഭിച്ചത് പുതുജീവന്‍. അതിസങ്കീര്‍ണ്ണമായ രോഗാവസ്ഥയിലുള്ള കരള്‍രോഗിയുടെ ജീവന്‍ രക്ഷിക്കാനായി 15 മണിക്കൂറോളം നീണ്ട ലൈവ് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജറിയാണ് നടത്തിയത്. സിആര്‍ആര്‍ടി മെഷിന്‍  സഹായത്തോടെ തുടര്‍ച്ചയായി ഡയാലിസിസ് നടത്തിക്കൊണ്ടിരുന്ന രോഗിക്കാണ് പെട്ടെന്ന് ശസ്ത്രക്രിയ വേണമെന്ന അവസ്ഥ വന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവും പ്രത്യേക പരിശീലനം സിദ്ധിച്ച നഴ്‌സുമാരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന മെഡിക്കല്‍, സര്‍ജിക്കല്‍ ഗാസ്‌ട്രോ എന്‍ട്രോളജി സംഘത്തോടൊപ്പം ചെന്നൈ എംജിഎം ഹോസ്പിറ്റലിലെ സര്‍ജന്‍മാരും സാങ്കേതികവിദഗ്ധരും മണിക്കൂറുകളോളം കൈമെയ് മറന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമായി കൂടിയാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഇതുവരെ ചെയ്ത കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ വളരെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയാണ് നടന്നതെന്ന് ചെന്നൈ എംജിഎം ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സല്‍ട്ടന്റും ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജനുമായ ഡോ. ത്യാഗരാജന്‍ ശ്രീനിവാസന്‍ പറഞ്ഞു.  രോഗാവസ്ഥ സങ്കീര്‍ണ്ണമായിരുന്നെങ്കിലും അതിവിദഗ്ധരായ ഡോക്ടര്‍മാരുടെ സാന്നിധ്യവും അതോടൊപ്പം നൂതനസാങ്കേതിക സംവിധാനങ്ങളുടെ പിന്തുണയും ലഭിച്ചത് ശസ്ത്രക്രിയാ ഫലത്തില്‍ നിര്‍ണ്ണായകമാണെന്ന് മെഡിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജി വിഭാഗം മേധാവി ഡോ. മുഹമ്മദ് കെ. അഭിപ്രായപ്പെട്ടു. നിര്‍ണ്ണായക ഘട്ടത്തില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചെങ്കിലും സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ കരള്‍ ദാതാവിനെ ലഭിച്ചതുകൊണ്ടാണ് ഈ ജീവന്‍രക്ഷാ ദൗത്യം പൂര്‍ത്തിയായതെന്ന് എംജിഎം ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സല്‍ട്ടന്റും ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജനുമായ ഡോ. കാര്‍ത്തിക് മതിവനന്‍ പറഞ്ഞു.
 സര്‍ജന്‍മാര്‍ ഉള്‍പ്പെടെയുള്ള വലിയൊരു സംഘം പന്ത്രണ്ടു മണിക്കൂറിലേറെ നടത്തിയ അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ കൊണ്ട് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മേയ്ത്ര ഹോസ്പിറ്റലിലെ സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജി ആന്റ് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. രോഹിത് രവീന്ദ്രന്‍ പറഞ്ഞു. വലിയൊരു ദൗത്യത്തിന്റെ ഭാഗമായതിലും ശസ്ത്രക്രിയ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗിക്ക് ആശുപത്രി വിടാനായതിലും സന്തോഷമുണ്ടെന്ന് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ഷാനവാസ് കക്കട്ട് പറഞ്ഞു.
 കരളിന്റെ പ്രവര്‍ത്തനം 70 ശതമാനത്തോളം നശിച്ചാലും അത് തിരിച്ചുപിടിക്കാന്‍ കരളിനു കഴിയുമെന്നതാണ് അതിന്റെ സവിശേഷത. എന്നാല്‍ അതിനുമപ്പുറം നാശം സംഭവിച്ചാല്‍ കരള്‍മാറ്റി വയ്ക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ. സങ്കീര്‍ണ്ണതകളേറെയുണ്ടായിരുന്നെങ്കിലും രോഗിയുടെ ജീവന്‍ രക്ഷിക്കാനായി എന്നതില്‍ സന്തോഷമേറെയുണ്ടെന്ന് എന്‍ഡോസ്‌കോപി സര്‍വീസസ് വിഭാഗം ഡയറക്ടറും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. ജിജോ വി ചെറിയാന്‍ പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം രോഗിയെ കൈകാര്യം ചെയ്യുന്ന പോസ്റ്റ്-ട്രാന്‍പ്ലാന്റ് ഐസിയു-വിലെ അതിനൂതനവും സമഗ്രവുമായ സാങ്കേതിക സംവിധാനങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനവും ഇക്കാര്യത്തില്‍ പ്രധാനമായിരുന്നുവെന്ന് ക്രിറ്റിക്കല്‍ കെയര്‍മെഡിസിന്‍ മേധാവിയും കണ്‍സല്‍ട്ടന്റുമായ ഡോ. അനുരൂപ് വിശ്വനാഥ് പറഞ്ഞു.
അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ ജീവന്‍രക്ഷാ ദൗത്വത്തിന് നേതൃത്വം നല്‍കിയ മേയ്ത്രയിലെയും ചെന്നൈ എംജിഎം ഹോസ്പിറ്റലിലെയും മുഴുവന്‍ മെഡിക്കല്‍, സാങ്കേതിക വിദഗ്ധരെയും മേയ്ത്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. ഫൈസല്‍ കൊട്ടിക്കോളന്‍ അഭിനന്ദിച്ചു. ഏതുസങ്കീര്‍ണ്ണ രോഗാവസ്ഥകളെയും നേരിടാന്‍ പര്യാപ്തമായ അതിവിദഗ്ധരായ ഡോക്ടര്‍മാരും അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക സംവിധാനങ്ങളും അടങ്ങുന്ന വ്യവസ്ഥാപിത സംഘമാണ് മേയ്ത്ര ഹോസ്പിറ്റലിന്റെ ശക്തിയെന്ന് ഹോസ്പിറ്റല്‍ ഡയറക്ടറും കാര്‍ഡിയോളജി വിഭാഗം ഉപദേഷ്ടാവും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു.
220 കിടക്കകളുമായി കോഴിക്കോട് പ്രവര്‍ത്തിക്കുന്ന മേയ്ത്ര ഹോസ്പിറ്റല്‍ അത്യാധുനിക സൗകര്യങ്ങളുടെ സാന്നിധ്യം കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ക്വാര്‍ട്ടര്‍നറി കെയര്‍ ഹോസ്പിറ്റലാണ്. ആതുരശുശ്രൂഷാ രംഗത്തെ ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഹോസ്പിറ്റല്‍ ലോകോത്തര നിലവാരമുള്ള സാങ്കേതിക സംവിധാനങ്ങളുടെയും പ്രഗത്ഭമതികളായ ഡോക്ടര്‍മാരുടെയും അതിവിദഗ്ധരായ സാങ്കേതിക വിദഗ്ധരുടെയും ഏകോപിത, സമഗ്രസേവനം ലഭ്യമാക്കുന്ന കേന്ദ്രമാണ്. ‘ടിഎഎച്ച്പി ആസ്‌ത്രേലിയ’യുമായി സഹകരച്ച് ‘രോഗീകേന്ദ്രിത സേവനങ്ങള്‍ക്ക്’ പ്രാമുഖ്യം നല്‍കുന്ന ഹോസ്പിറ്റലിന്റെ അടിസ്ഥാന സൗകര്യനിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് കെഇഎഫ് ഹോള്‍ഡിംഗ്‌സിന്റെ ഓഫ്‌സൈറ്റ് നിര്‍മാണ സൗകര്യങ്ങള്‍ ഉപയോഗിച്ച്, ക്ലീവ്‌ലാന്റ് ക്ലിനിക്കിലെ ഫിസിഷ്യന്‍മാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമുള്ള ‘കെയര്‍-പാത്ത്’ മാതൃകയിലാണ്.
അഞ്ചു വര്‍ഷം കൊണ്ട് ആറു മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ട് സേവനം വ്യാപിപ്പിച്ച മേയ്ത്രയില്‍ ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍, ന്യൂറോ സയന്‍സസ്, ബോണ്‍ ആന്റ് ജോയിന്റ് കെയര്‍, ഗാസ്‌ട്രോ സയന്‍സസ്, റീനല്‍ ഹെല്‍ത്ത്, ബ്ലഡ് ഡിസോര്‍ഡേഴ്‌സ്- ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, കാന്‍സര്‍ ഇമ്യൂണോ തെറാപി എന്നീ സെന്റര്‍ ഓഫ് എക്‌സലന്‍സ് വിഭാഗങ്ങള്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച സേവനകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. സമ്പൂര്‍ണ കടലാസു രഹിത സംവിധാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റലില്‍ യൂണിറ്റ് ഡോസ് ഡ്രഗ് ഡെലിവറി സിസ്റ്റവും സുപ്രധാന വിഭാഗങ്ങള്‍ക്കായി ക്ലിനിക്കല്‍ പാത്-വേകളും നടപ്പാക്കിയിട്ടുണ്ട്. അതിനൂതന സംവിധാനങ്ങളുള്ള ഏഴ് ഓപറേഷന്‍ തിയറ്ററുകള്‍, ദക്ഷിണേന്ത്യയിലെ ആദ്യ റോബോട്ടിക് ഹൈബ്രിഡ് കാത്‌ലാബ്, 52 സ്വതന്ത്ര ഐസിയു സംവിധാനങ്ങള്‍, 3-ടെസ്‌ല എംആര്‍ആ മെഷിന്‍, 128-സ്ലൈസ് സിടി, ടെലി-ഐസിയുകള്‍ തുടങ്ങി ആതുരശുശ്രൂഷാ രംഗത്തെ നൂതന സംവിധാനങ്ങളെല്ലാം ഒരുക്കിയാണ് മേയ്ത്ര സേവന പാതയില്‍ കൂടുതല്‍ മുന്നേറുന്നത്.

Reporter
the authorReporter

Leave a Reply