തിരുവനന്തപുരം: അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയെ അറിയിക്കുന്നതിനായി എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും ബോര്‍ഡ് സ്ഥാപിക്കണമെന്ന് വിജിലന്‍സ്. വിവരങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും പ്രദര്‍ശിപ്പിക്കണമെന്ന് വിജിലന്‍സ് നിര്‍ദേശിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങളില്‍നിന്നു പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്. ഇപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയെ അറിയിക്കുക എന്ന അറിയിപ്പാണ് പ്രദര്‍ശിപ്പിക്കേണ്ടത്. വിജിലന്‍സ് ആസ്ഥാനത്തെ ടോള്‍ ഫ്രീ നമ്പര്‍ 1064 / 8592900900, വാട്‌സ്ആപ്പ് – 9447789100, ഇ-മെയില്‍: vig.vacb@kerala.gov.in, വെബ്‌സൈറ്റ് – www.vigilance.kerala.gov.in എന്നിവയും ഇതോടൊപ്പം പ്രദര്‍ശിപ്പിക്കണം. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ജില്ലാ യൂണിറ്റുകളുടെ വിലാസവും ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്ന് വിജിലന്‍സ് ഉത്തരവിട്ടു.
റവന്യൂ വകുപ്പിലെ അഴിമതി തടയുന്നതിന് ഭാഗമായി പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍. 1800 425 5255 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച പരാതികള്‍ അറിയിക്കാം. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു വരെ വിളിക്കാം. പേരും വിലാസവും വെളിപ്പെടുത്താതെ വിവരങ്ങള്‍ കൈമാറാവുന്നതാണ്. പരാതികള്‍ പ്രത്യേകമായി രേഖപ്പെടുത്തി പരിശോധനയ്ക്കും നടപടിക്കുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. പരാതികള്‍ അറിയിക്കുന്നതിന് പ്രത്യേകമായ ഓണ്‍ലൈന്‍ പോര്‍ട്ടലും ഉടന്‍ നിലവില്‍ വരും. നിലവിലുള്ള റവന്യു ടോള്‍ ഫ്രീ സംവിധാനം പരിഷ്‌കരിച്ചാണ് അഴിമതി സംബന്ധിച്ച പരാതികള്‍ കൂടി അറിയിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.