Wednesday, May 8, 2024
General

28 കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ


ദോഹയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 28 കോടി രൂപ വിലമതിക്കുന്ന ഒരു കിലോ കൊക്കെയ്ന്‍ പിടികൂടി. രാജസ്ഥാന്‍ സ്വദേശിയായ ഭരത് വസിതെ ചെന്നൈ വിമാനത്താവളത്തിലാണ് പിടിയിലായത്. ഭരത് വസിതെയുടെ ബാഗില്‍നിന്നാണ് ലഹരിവസ്തുക്കള്‍ പിടികൂടിയതെന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിദേശത്തുനിന്ന് ലഹരി കടത്തുന്നതു സംബന്ധിച്ചു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ഭരത് വസിതെയുടെ ബാഗ പരിശോധിച്ചപ്പോള്‍ ആദ്യം ചെറിയ അളവിലുള്ള ലഹരിവസ്തുക്കള്‍ കണ്ടെടുത്തു. തുടര്‍ന്നു നടത്തിയ വിശദ പരിശോധനയിലാണ് ഒരു കിലോ തൂക്കം വരുന്ന കൊക്കെയ്ന്‍ പിടിച്ചെടുത്തത്.

ഇയാള്‍ രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിലെ അംഗമാണെന്നു സംശയമുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ പറഞ്ഞു. കൂടാതെ, അമേരിക്കയില്‍നിന്ന് എത്തിയ യാത്രക്കാരന്റെ ബാഗില്‍നിന്നു വെടിയുണ്ടകളും കണ്ടെടുത്തു. ചെന്നൈയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാനത്തില്‍ പോകാനെത്തിയ ആന്‍ഡ്രു ജെര്‍ഡ് എര്‍സിന്‍ എന്ന യാത്രക്കാരന്റെ ബാഗിനുള്ളിലാണു വെടിയുണ്ടകള്‍ കണ്ടെത്തിയത്. യുഎസില്‍ തോക്ക് ലൈസന്‍സുള്ള വ്യക്തിയാണ് ഇയാള്‍. വെടിയുണ്ടകള്‍ പിടിച്ചെടുത്ത അധികൃതര്‍ കൂടുതല്‍ അന്വേഷണം നടത്തും.


Reporter
the authorReporter

Leave a Reply