CRIMECyber crimeLatestpolice &crimePolice News

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ശൃംഖലയെ നേരിടാൻ പൊലീസ് ഓപ്പറേഷൻ സൈഹണ്ട് – കോഴിക്കോട് സിറ്റിയിൽ 44 പേർ കസ്റ്റഡിയിൽ

Nano News

കോഴിക്കോട്:ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഇടനിലക്കാരായി പ്രവർത്തിച്ച് പണം കൈമാറ്റം ചെയ്യുന്ന ബാങ്ക് അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. കേരളാ പൊലീസ് സംസ്ഥാനവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ സൈ-ഹണ്ട് (Operation CyHunt)എന്ന പ്രത്യേക ദൗത്യത്തിൻ്റെ ഭാഗമായി കോഴിക്കോട് സിറ്റി പൊലീസ് ഇത് വരെ 44 പേരെ കസ്റ്റഡിയിൽ എടുത്തു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌ത ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകേസുകളിൽ വലിയ തുകകൾ എത്തിയ ബാങ്ക് അക്കൗണ്ട് ഉടമസ്ഥന്മാരെ കേന്ദ്രീകരിച്ചു സിറ്റിയിലെ വിവിധ കേന്ദ്രങ്ങളിലായി വീടുകളിലും സ്ഥാപനങ്ങളിലുമായി വ്യാപകായ പോലീസ് പരിശോധനകൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് 44 പേർ ഇതിനകം കസ്റ്റഡിയിൽ ആയിട്ടുള്ളത്. ഇവരിൽ നിന്നും മൊബൈൽ ഫോണുകളും ചെക്ക് ബുക്കുകളും ATM കാർഡുകളും പിടിച്ചെടുത്തു. ഇത്തരത്തിലുള്ള കുറ്റകൃത്യത്തിൽ ഏർപ്പെട്ട ആളുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും കൂടുതൽ പരിശോധനകൾ നടന്നു വരുകയാണ്. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഭാഗമാവുകയും പിന്നീട് വിദേശത്തേക്ക് കടന്ന് കളയുകയും ചെയ്‌ത കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണ്. സിറ്റിയിലെ മൂന്നു സബ് ഡിവിഷനുകളിലായി 79 ഓളം സ്ഥലങ്ങളിലായാണ് പരിശോധനകൾ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇതിനകം രജിസ്റ്റർ ചെയ്‌തിട്ടുള്ള 50 ഓളം കേസുകളിലായി നിലവിൽ 44 ആളുകളെ കണ്ടെത്തി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

രാജ്യവ്യാപകമായി രജിസ്റ്റർ ചെയ്‌ത വിവിധ ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായി ലഭ്യമായ വിവരങ്ങൾ പ്രകാരം, ഈ പ്രതികൾ കമ്മീഷൻ അടിസ്ഥാനത്തിൽ അവരുടെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുകയും, തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ചെക്ക് വഴിയും ഓൺലൈൻ ഇടപാടുകളിലൂടെയും പിൻവലിക്കുകയും, പിന്നീട് ക്രിപ്റ്റോകറൻസി അടക്കമുള്ള അന്താരാഷ്ട്ര ഡിജിറ്റൽ മാർഗങ്ങളിലൂടെ വിദേശ ക്രിമിനൽ സംഘങ്ങൾക്ക് കൈമാറുകയും ചെയ്‌തിരുന്നതായി മനസ്സിലാകുന്നുണ്ട്. ഇത്തരം ഇടപാടുകൾ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയും സാമ്പത്തിക സ്ഥിരതയെയും തകർക്കുന്ന അന്താരാഷ്ട്ര ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ശൃംഖലകളുടെ ഭാഗമാണെന്നത് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിദ്യാർത്ഥികലേയും യുവാക്കളെയും ലക്ഷ്യമിടുന്ന തട്ടിപ്പ് സംഘങ്ങൾ അവരുടെ ബാങ്ക് എക്കൌണ്ടുകൾ കരസ്ഥമാക്കുന്നതായും ഓൺലൈൻ തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നതായും വിവരങ്ങളുണ്ട്.

ഓപ്പറേഷൻ സൈഹണ്ടിന്റെ ഭാഗമായി, തട്ടിപ്പിനായി ഉപയോഗിച്ച അക്കൗണ്ടുകളുടെ സ്രോതസ്സുകൾ, പണം കൈമാറിയ വഴികൾ, കുറ്റവാളികൾ തമ്മിലുള്ള ഓൺലൈൻ ബന്ധങ്ങൾ എന്നിവയെല്ലാം പൊലീസ് ശാസ്ത്രീയമായി വിശകലനം ചെയ്യുകയാണ്.

സൈബർ ക്രൈം പോലീസ് സ്റ്റേഷനും, സൈബർ സെല്ലും സിറ്റിയിലെ ലോക്കൽ പൊലീസ് സ്റ്റേഷനുകളും, സംയുക്തമായി നടത്തുന്ന ഈ ദൌത്യം പ്രധാനമായും ലക്ഷ്യമിടുന്നത് :

അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ മുഖ്യ ശൃംഖലകളെ

അക്കൌണ്ടുകൾ കൈകാര്യം ചെയ്യുന്ന ഇടനിലക്കാരെ കണ്ടെത്തുകയും, നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുകയും ചെയ്യുക,

നിയമ നടപടികളിലൂടെ ഭാവിയിൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ പൊതുജനങ്ങളിൽ ബോധവൽക്കരണം ശക്തമാക്കുക തുടങ്ങിയവയാണ്.

ലാഭേച്ഛയോടെയോ, സഹായിക്കാനുള്ള മനസ്സുള്ളതുകൊണ്ടോ ബാങ്ക് അക്കൗണ്ടുകൾ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകരുത്. കെട്ടു പിണഞ്ഞു കിടക്കുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ ഉള്ളുകള്ളികൾ മനസ്സിലാക്കാൻ പ്രയാസമാണ്. ഇത്തരത്തിൽ അക്കൌണ്ടുകൾ മറ്റുള്ളവർക്ക് ഉപയോഗിക്കാനായി നൽകുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ സൈബർ തട്ടിപ്പുകളുടെ വ്യാപ്തി അനുദിനം കൂടിക്കൊണ്ട്‌രിക്കുന്നതിനാലും, കൂടുതൽ മലയാളികൾ ഇത്തരം തട്ടിപ്പുകളുടെ ഭാഗഭാക്കാവുന്നതായി വ്യക്തമായ സൂചനകൾ ലഭ്യമായതിനാലും, വരും ദിവസങ്ങളിലും കൂടുതൽ ശക്തമായ പരിശോധനകൾ നടത്തുന്നതാണെന്നു പോലീസ് അറിയിച്ചു.

ഓൺലൈൻ സുരക്ഷ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൻ്റെ ഇരയാകുകയാണെങ്കിൽ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ രജ്സ്റ്റർ ചെയ്യുകയോ ചെയ്യേണ്ടതാണ്.


Reporter
the authorReporter

Leave a Reply