കണ്ണൂര്‍ പാനൂരില്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നിർദ്ദേശങ്ങളുമായി എ.ഡി.ജി.പി. കരുതല്‍ തടങ്കല്‍ വേണമെന്നാണ് എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍ നല്‍കുന്ന കര്‍ശന നിര്‍ദേശം.
കണ്ണൂരിലെ സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലിലാക്കണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. സംസ്ഥാനാതിര്‍ത്തികളിലും പരിശോധന വേണം. പരിശോധനയുടെയും തടങ്കലിന്റെയും വിവരങ്ങള്‍ ദിനംപ്രതി അറിയിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ഇതിനായി കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് എ.ഡി.ജി.പി നിര്‍ദേശം നല്‍കിയത്.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് നാദാപുരം മേഖലകളില്‍ ഇന്നും പൊലിസ് പരിശോധന നടത്തുന്നുണ്ട്. ഒഴിഞ്ഞ പറമ്പുകളിലും ജില്ലാ അതിര്‍ത്തിയായ പെരിങ്ങത്തൂര്‍ പുഴയോരത്തുമാണ് പരിശോധന. മുന്‍കാലത്ത് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയവരുടെ വീടുകളിലും പരിസരങ്ങളിലും പരിശോധന നടത്തും. കേന്ദ്രസേനയും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധനയ്ക്കുണ്ട്. പാനൂര്‍ മേഖലയിലും ബോംബ് സ്‌ക്വാഡിന്റെ വ്യാപക പരിശോധന നടക്കുന്നുണ്ട്. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് പരിശോധന.
അതേസമയം, സ്‌ഫോടനത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് യു.ഡി.എഫ്. സ്‌ഫോടനത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ നാല് പേരെ ഞായറാഴ്ച ഉച്ചയോടെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.