ദുബായ്: ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 146 റൺസിന് ഓൾ ഔട്ട്.ഇന്ത്യയ്ക്ക് 147 വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 146ന് പുറത്തായി. പാക്കിസ്ഥാനായി ഓപ്പണര്‍ സാഹിബ് സാദാ ഫര്‍ഹാന്‍ അര്‍ധസെഞ്ചറി നേടി. മറ്റൊരു ഓപ്പണര്‍ ഫഖര്‍ സമാന്‍ 46 റണ്‍സ് നേടി. ഒരുഘട്ടത്തില്‍ 200 കടക്കുമെന്ന് സ്കോറാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ചേര്‍ന്ന് എറിഞ്ഞ് ഒതുക്കിയത്. 62 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് പാക് ബാറ്റര്‍മാരെല്ലാം കൂടാരംകയറിയത്.
നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ചൈനാമെന്‍ കുല്‍ദീപ് യാദവാണ് പാക് നിരയുടെ നട്ടെല്ലൊടിച്ചത്. വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലും ബുമ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പാക് നിരയില്‍ 8 ബാറ്റര്‍മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. പവർപ്ലേ അവസാനിച്ചപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 45 റൺസായിരുന്നു പാക്കിസ്ഥാന്റെ സമ്പാദ്യം. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.