റഫീഖ് തോട്ടുമുക്കം
കോഴിക്കോട്: മുക്കം നഗരത്തിലും പരിസര പ്രദേശങ്ങളിലും പേപ്പട്ടിയുടെ ആക്രമണത്തിൽ ഒട്ടേറെ പേർക്ക് പരിക്ക്. മാമ്പറ്റ വട്ടോളിപ്പറമ്പ് സ്വദേശി ചന്ദ്രൻ, ബിനോയ് മുത്തേരി, അക്ഷയ് കലൂർ, തമിഴ്നാട് സ്വദേശി അയ്യപ്പൻ, ആനക്കാംപൊയിൽ സ്വദേശി സുധീർ, മുക്കം ലാംഡ സ്റ്റീൽസിലെ ജീവനക്കാരനും കറുത്ത പറമ്പ് സ്വദേശിയുമായ മുഹമ്മദലി എന്നിവർ ഉൾപ്പെടെ പത്തോളം പേർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. നാലു പേരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വളർത്ത് പട്ടികൾ ഉൾപ്പെടെയുള്ള നിരവധി മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഇന്നലെവൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.
മുക്കം പി.സി. ജങ്ഷനിൽ വെച്ചാണ് നായയുടെ ആക്രമണം തുടങ്ങിയത്. സ്റ്റാർ ഹോട്ടലിന് മുൻവശത്ത് നിന്ന് മാമ്പറ്റ വട്ടോളിപ്പറമ്പ് സ്വദേശി ചന്ദ്രനാണ് ആദ്യം കടിയേറ്റത്. തുടർന്ന് അഗസ്ത്യൻമുഴി ഭാഗത്തേക്ക് ഓടിയ നായ പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് അക്ഷയ് യെയും മുക്കം ഹൈസ്കൂളിന് സമീപത്ത് നിന്ന് മുഹമ്മദലിയെയും ആക്രമിക്കുകയായിരുന്നു. ലാംഡ സ്റ്റീൽസിലെ സെക്യൂരിറ്റി ജീവനക്കാരനായ
മുഹമ്മദലി സമീപത്തെ തട്ടുകടയിൽ നിന്ന് ചായ കഴിച്ച് മടങ്ങുകയായിരുന്നു. ഇവിടെ നിന്ന് അഗസ്ത്യൻമുഴി അങ്ങാടിയിലും തൊണ്ടിമ്മലും വെച്ചാണ് ബാക്കിയുള്ളവർക്ക് കടിയേറ്റത്.
രാത്രി പത്ത് മണിയോടെ അഗസ്ത്യൻമുഴിയിൽ നിന്ന് ഊടുവഴിയിലൂടെ മുക്കം കടവ് പാലത്തിലെത്തിയ നായയെ പിടികൂടാൻ നാട്ടുകാരും എൻ്റെ മുക്കം സന്നദ്ധ പ്രവർത്തകരും രാത്രി വൈകിയും ശ്രമം തുടർന്നെങ്കിലും പിടികൂടാനായില്ല. ഇതോടെ മുക്കത്തും പരിസരത്തും ഇപ്പോഴും ഭീതി തുടരുകയാണ് കഴിഞ്ഞ ദിവസവും നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിരവധി പേർക്ക് നായയുടെ കടിയേറ്റിരുന്നു.