കോഴിക്കോട്: തിരുവല്ലയിലെ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തെ സിപിഎം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു.രക്തസാക്ഷിയെ കിട്ടിയ ആഹ്ലാദമാണ് സി.പി.എമ്മിന്. പൊലീസിനെ വിമർശിച്ചതിലൂടെ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ അവിശ്വാസം രേഖപ്പെടുത്തിയിരിക്കുകയാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന പൊലീസിൽ പാർട്ടി സെക്രട്ടറിയ്ക്ക് വിശ്വാസമില്ലാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും എം.ടി രമേശ് കോഴിക്കോട് പറഞ്ഞു.
വാക്സിൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ആരാണ് സർക്കാരിനെ തടസ്സപ്പെടുത്തുന്നത് എന്ന കാര്യം വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണമെന്ന് എം.ടി രമേശ് ആവശ്യപ്പെട്ടു. സർക്കാർ ആരെയോ ഭയപ്പെടുന്നതിനാലാണ് ഈ മലക്കം മറിച്ചിൽ. വാക്സിനെടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് പുറത്തുവിട്ട് അവർക്കെതിരെ ഉടൻ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ സജീവനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.